നീലക്കുപ്പായത്തിൽ മലപ്പുറത്തുനിന്നൊരു വന്മതിൽ; ഇന്ത്യൻ പ്രതിരോധം കാക്കാൻ മഷൂർ ഷരീഫ്
text_fieldsദുബൈ: കാൽപന്തുകളിയുടെ ഹൃദയഭൂമിയായ മലപ്പുറത്തുനിന്ന് അനസ് എടത്തൊടികക്കുശേഷം ഇന്ത്യൻ ഫുട്ബാളിന്റെ പ്രതിരോധക്കോട്ടയിലേക്ക് മറ്റൊരു താരം കൂടി. ദുബൈയിൽ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തിലാണ് മലപ്പുറം കാവുങ്ങൽ സ്വദേശി മഷൂർ ഷരീഫ് കന്നിയങ്കത്തിനിറങ്ങുന്നത്. ഇത് സ്വപ്ന സാക്ഷാത്കാരമാണെന്നും ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടെന്നും ദുബൈയിലെത്തിയ മഷൂർ 'മാധ്യമ'ത്തോട് പറഞ്ഞു. മാർച്ച് 25ന് ഒമാനെതിരെയും 29ന് യു.എ.ഇക്കെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ. ഒന്നര വർഷത്തിനുശേഷമാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് 27കാരനെ ഇന്ത്യൻ ടീമിലെത്തിച്ചത്. ആദ്യം സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനമെങ്കിലും അവസരം കിട്ടിയപ്പോഴെല്ലാം എതിരാളികളെ വരിഞ്ഞുമുറുക്കി നോർത്ത് ഈസ്റ്റിന്റെ കോട്ട കാത്തു. മലപ്പുറം കാവുങ്ങൽ ജങ്ഷനിൽ സ്റ്റേഷനറി കച്ചവടം നടത്തുന്ന മഷ്ഹൂർ മുഹമ്മദ് ഷരീഫിന്റെ മകൻ കോട്ടപ്പടി മൈതാനിയിലെ പരിശീലന ക്യാമ്പിലൂടെ പത്താം വയസ്സിലാണ് ഗ്രൗണ്ടിൽ സജീവമായത്. ഷാജിറുദ്ദീൻ കോപ്പിലാന്റെ പരിശീലന ക്യാമ്പിലൂടെ പയറ്റിത്തെളിഞ്ഞു. എറണാകുളം സ്പോർട്സ് അക്കാദമിയിലെ ഹൈസ്കൂൾ പഠനവും മലപ്പുറം എം.എസ്.പിയിലെ പ്ലസ് ടു കാലവും മഷൂറിനെ താരമാക്കി. കോളജിലെത്തിയപ്പോൾ കണ്ണൂർ യൂനിവേഴ്സിറ്റിക്കായി ബൂട്ടണിഞ്ഞു. പിന്നീട് ലീഗുകളിലേക്ക് ചേക്കേറി.
ഐ ലീഗിലും ഐ.എസ്.എല്ലിലുമായി ഒരുപിടി ക്ലബുകൾ. ചെന്നൈ ആരോസ്, ഹിന്ദുസ്ഥാൻ ഈഗിൾസ്, മുംബൈ എയർ ഇന്ത്യ, കൊൽക്കത്ത പ്രയാഗ് യുനൈറ്റഡ്, ചെന്നൈ സിറ്റി എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നീ ടീമുകൾക്കായി ബൂട്ടണിഞ്ഞു. 2016ൽ ചെന്നൈ ലീഗിൽ ആരോസിനുവേണ്ടി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മഷൂർ ആറ് ഗോളുകൾ നേടി. ഇതാണ് ചെന്നൈ എഫ്.സിയിലേക്കും നോർത്ത് ഈസ്റ്റിലേക്കും ഇന്ത്യൻ ടീമിലേക്കും വഴിതുറന്നത്. ചെന്നൈ സിറ്റി എഫ്.സി ഐ ലീഗിൽ കിരീടമണിഞ്ഞേപ്പാൾ കോട്ട കാക്കാൻ മഷൂറുമുണ്ടായിരുന്നു.
കരിയറിന്റെ തുടക്കം മധ്യനിരയിലായിരുന്നു. ഇടക്കാലത്ത് സ്ട്രൈക്കറായി. ഇപ്പോൾ ഡിഫൻഡറാണ്. ഐ.എസ്.എല്ലിലെ പ്രകടനമാണ് തന്നെ ഇന്ത്യൻ ടീമിലെത്തിച്ചതെന്ന് മഷൂർ പറയുന്നു. ആദ്യ മത്സരങ്ങളിലൊന്നും അവസരം ലഭിച്ചിരുന്നില്ല. രണ്ട് വിദേശ താരങ്ങളായിരുന്നു സെൻറർ ബാക്ക് കളിച്ചിരുന്നത്. ആദ്യ ഇലവനിൽ ഇടം പിടിക്കുക എന്നത് ശ്രമകരമായിരുന്നു. ടീമിൻെറ പ്രകടനം മോശമായതോടെ ഗെയിം പ്ലാൻ ആകെ മാറി. അങ്ങനെയാണ് എനിക്ക് കൂടുതൽ അവസരം ലഭിച്ചത്. ആദ്യ മാച്ച് കഴിഞ്ഞപ്പോൾ പരിക്കേറ്റതോടെ രണ്ട് മത്സരം നഷ്ടപ്പെട്ടു.
ആദ്യ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിലും ടീമിന് സെമിയിലെത്താൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും മഷൂർ പറഞ്ഞു. പിതാവ് മഷ്ഹൂർ മുഹമ്മദ് ഷരീഫും മാതാവ് ജാസ്മിനും ഭാര്യ ഷെമിൻ ഷിഹാനയും മകൾ എലിസ മഷൂറുമടങ്ങുന്നതാണ് കുടുംബം. ഫാത്തിമ, ഷാഹിയ, ഹംന എന്നിവരുടെ ഒരേയൊരു പൊന്നാങ്ങളയാണ് മഷൂർ. ഇന്ത്യൻ ടീമിലെ സഹതാരം ആഷിഖ് കുരുണിയൻ നാട്ടുകാരനും കൂട്ടുകാരനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.