കേരളത്തിൽ മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി വീണ്ടും സർക്കാർ ഉത്തരവ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കാനും നിർദേശം. 500 രൂപവരെയാണ് പിഴ ചുമത്തുക.
പൊതുസ്ഥലങ്ങളിലും, ഒത്തുചേരലുകൾക്കും, തൊഴിലാളികൾക്കും, പൊതുവാഹനങ്ങളിലും മാസ്ക് നിർബന്ധമാക്കിയാണ് ദുരന്ത നിവാരണ വകുപ്പ് ഉത്തരവായത്. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. ഡൽഹിയിലടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസ് വർധിക്കുന്നത് കണക്കിലെടുത്താണ് വീണ്ടും പ്രതിരോധ നടപടി കർശനമാക്കുന്നത്.
കേസ് കുറഞ്ഞതിനെതുടർന്ന് മാസ്ക് പരിശോധനയിൽ സർക്കാർ ഇളവു വരുത്തിയിരുന്നു. മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് ആവർത്തിച്ചതിനൊപ്പം പിഴയിടുന്നത് ഒഴിവാക്കുകയായിരുന്നു. ഒപ്പം മാസ്ക് ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ചകളും ആലോചനകളും തുടങ്ങിയിരുന്നു. മാസ്കില്ലാത്തതിന് കേസെടുക്കുന്നതടക്കം കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായ നിയമനടപടികൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് മാർച്ച് 23ന് കേന്ദ്രനിർനിർദേശം ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇവയെല്ലാം.
കേസ് വർധിക്കുകയും അയൽ സംസ്ഥാനങ്ങൾ കർശന നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനവും പിഴ പുനഃസ്ഥാപിക്കുന്നത്. പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ചതിനെതിരായ കേന്ദ്ര വിമർശനവും ആരോഗ്യമന്ത്രിയുടെ മറുപടിയുമെല്ലാം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.