ഹൈറേഞ്ചിലെ മുഖംമൂടി മോഷണം; കേസന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകട്ടപ്പന: ഹൈറേഞ്ചിലെ മുഖംമൂടി മോഷണത്തിൽ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പീരുമേട് ഡി.വൈ.എസ്.പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
പ്രത്യേക സ്ക്വാഡിനൊപ്പം ഉപ്പുതറ എസ്.എച്ച്.ഒ പി.കെ. നാസർ, എസ്.ഐ മിഥുൻ മാത്യു, എസ്.സി.പി.ഒമാരായ ജിജോ വിജയൻ, നിഷാദ്, അൽജിൻ രാജ് എന്നിവരുമുണ്ട്.
ഹൈറേഞ്ചിലെ മേരികുളം, ഉപ്പുതറ, അയ്യപ്പൻകോവിൽ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമാണ് മുഖംമൂടി ധരിച്ച് മോഷണം നടന്നത്. മേരികുളത്തെ ആറു വ്യാപാരസ്ഥാപനങ്ങളിലും സഹകരണ ബാങ്ക് ശാഖയിലും സ്കൂളിന്റെ കഞ്ഞിപ്പുരയിലുമാണ് 31ന് പുലർച്ച മോഷണം നടന്നത്. 80,000 രൂപയും സാധനങ്ങളും ഉൾപ്പടെ ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. രാത്രി മുഖം മറച്ചെത്തിയ വ്യക്തിയാണ് മോഷ്ടാവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കഴിഞ്ഞ ഡിസംബർ 21ന് രാത്രി കാഞ്ചിയാർ പഞ്ചായത്തിലെ ലബ്ബക്കടയിലെ വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം എന്നിവയടക്കം 11 സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. അതിന് ഏതാനും ആഴ്ച മുൻപ് മേരികുളത്തെ നാല് കച്ചവട സ്ഥാപനങ്ങൾ കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ നവംബർ നാലിന് പുലർച്ച ശാന്തിഗ്രാമി ലെ മൂന്ന് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 17,700 രൂപ കവർന്നിരുന്നു.
സെപ്റ്റംബർ 23ന് പുലർച്ച മാട്ടുക്കട്ടയിലെ സ്റ്റേഷനറിക്കട കുത്തിത്തുറന്ന് 2000 രൂപയോളം കവർന്നിരുന്നു. സെപ്റ്റംബർ 19ന് ലോൺട്രി ദേവീക്ഷേത്രത്തിന്റെ പൂട്ട് കുത്തിത്തുറന്ന് 12,000 രൂപ കവർന്നു. ജൂലൈ പകുതിയോടെ വെള്ളിലാംകണ്ടത്തെ വീട് കുത്തിത്തുറന്ന് എട്ടു പവനോളം സ്വർണാഭരണവും 16,000 രൂപയും കവർന്നിരുന്നു. തെളിവുകൾ നശിപ്പിച്ചാണ് മോഷ്ടാവ് സ്ഥലം വിടുന്നതെന്നത് പൊലീസിന് കൂടുതൽ തലവേദനയാണ്.
ഭൂരിഭാഗം സ്ഥലങ്ങളിലും പൂട്ട് കുത്തിത്തുറന്നായിരുന്നു മോഷണം. ഒരു വർഷത്തിനിടെ നിരവധി സ്ഥലങ്ങളിൽ തുടർച്ചയായി മോഷണം നടന്നിട്ടും മോഷ്ടാവിനെ കണ്ടെത്താൻ കഴിയാത്തത് പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.