അതിഥികൾ അരങ്ങു തകർക്കുമ്പോൾ പിൻവാങ്ങി കൽപണിക്കാർ
text_fieldsഫറോക്ക്: അതിഥി തൊഴിലാളികളും ഹൈടെക് യന്ത്രങ്ങളും അരങ്ങിലെത്തിയതോടെ കൽപണിക്കാർ പരമ്പരാഗത ജോലിയിൽനിന്ന് പിൻവലിയുന്നു. ജില്ലയിൽ കല്ല് കൊണ്ടുള്ള നിർമാണ ജോലിക്കാർ ഏറ്റവുമധികം ഫറോക്ക്, മണ്ണൂർ, കടലുണ്ടി മേഖലയിൽനിന്നായിരുന്നു.
അയൽ ജില്ലകളിലേക്കുപോലും ഇവിടെനിന്ന് തൊഴിലാളികൾ കൽപണിക്ക് പോയ കാലമുണ്ടായിരുന്നു. കല്ല് ചെത്താനും പടവിനും തേപ്പിനുമൊക്കെ ഫറോക്ക് മേഖലയിലെ തൊഴിലാളികൾ കൂട്ടത്തോടെ പോയ കാലം. പരമ്പരാഗത തൊഴിലാളികളുടെ കരവിരുതോടെ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ അതിഥി തൊഴിലാളികൾ എത്തിയതോടെ അവരുടെ സർവാധിപത്യമാണിപ്പോൾ. നാടൻ തൊഴിലാളികൾ മറ്റ് ജോലികളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കല്ല് ചെത്താനും വെട്ടാനുമൊക്കെ യന്ത്രങ്ങൾ വന്നതോടെ പരമ്പരാഗത തൊഴിലാളികളുടെ ആവശ്യമില്ലാതായി. തുടർച്ചയായി ചെത്തിപ്പടവിനും തേപ്പിനുമൊക്കെ പോയി ഓണാഘോഷത്തിനൊരുങ്ങുന്ന ഓർമയിലാണ് പരമ്പരാഗത തൊഴിലാളികൾ. നാട്ടുകാർ ദിവസവേതനം 1200 രൂപവരെ വാങ്ങുമ്പോൾ അതിഥി തൊഴിലാളികൾക്ക് 1000ത്തിന് താഴെ മതിയെന്നതും ഈ മേഖലയിലെ മാറ്റങ്ങൾക്ക് കാരണമാണ്. ആദ്യം നിലച്ചത് കല്ലുവെട്ട് തൊഴിലായിരുന്നു.
ആ മേഖല വർഷങ്ങളായി വലിയ ബിസിനസായി മാറി പൂർണമായി യന്ത്രങ്ങളുടെ കൈയിലായിക്കഴിഞ്ഞു. കല്ല് ചെത്തിമിനുക്കുന്ന പണിയും യന്ത്രം ഏറ്റെടുത്തു. കൽപണി പഠിക്കുന്നവർക്കുപോലും കല്ലുകൾ ചെത്താനില്ലാത്ത കാലമാണിപ്പോൾ. കൽപണിയോട് ചേർന്ന തൊഴിലായിരുന്നു മുമ്പ് ഫറോക്ക് പുഴയിലെ മണൽവാരൽ. നിയന്ത്രണങ്ങൾ വന്നതോടെ മണൽവാരൽ തൊഴിലാളികൾ മറ്റു മേഖലകളിലേക്ക് കടന്നു. പുഴകളിൽ വൻതോതിൽ മണൽ തോണികൾ നശിച്ചുകൊണ്ടിരിക്കുന്നു. മണൽലോകം ഇപ്പോൾ എം സാൻഡ്, പി സാൻഡ് എന്നിവ കൈയടക്കിയതോടെ തരിച്ചുകൂട്ടാനും ആൾ വേണ്ടാതായി. മണൽ തരിക്കാൻ തരിപ്പയുമായി നിർമാണസ്ഥലങ്ങളിൽ തമ്പടിച്ചിരുന്ന പലരും അവസരമില്ലാതെ കളം വിട്ടു.
സ്വന്തമായി കൂലിക്കാരെ വെച്ച് വീടും കെട്ടിടങ്ങളും നിർമിക്കുന്നവരും കുറഞ്ഞുവരുന്നു. സിവിൽ എൻജിനീയറെ കണ്ട് പ്ലാൻ വരച്ച് തദ്ദേശ സ്ഥാപനത്തിൽനിന്ന് അനുമതി വാങ്ങിയാൽ പിന്നെ പലരും നിർമാണവും എൻജിനീയർമാരെ ഏൽപിക്കുകയാണിപ്പോൾ. ചിലർ വീട് നിർമാണം കരാറെടുക്കുന്നു. മറ്റു ചിലർ മുടക്കിന്റെ നിശ്ചിത ശതമാനം സർവിസ് ചാർജ് വാങ്ങിച്ച് പണി ഏറ്റെടുക്കുന്നു.
തറപ്പണി, ഭിത്തി നിർമാണം, കോൺക്രീറ്റിങ് തുടങ്ങി ഓരോ ഘട്ടത്തിലെ പണിക്കും തൊഴിലാളികളെ അയച്ച് കമീഷൻ പറ്റുന്നവരുമുണ്ട്. അതിഥി തൊഴിലാളികൾ നിർമാണമേഖലയിൽ ഇപ്പോൾ വേണ്ടത്രയുണ്ട്. അവരെ എത്തിക്കാനും ഏജന്റുമാരുണ്ട്. എല്ലുമുറിയെ പണി. മിതമായ കൂലി. അതിനാൽ കരാറുകാരിൽ പലരും അതിഥി തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നു. ഇതോടെ കൽപണിയിൽ മാത്രം കേന്ദ്രീകരിക്കുന്ന മലയാളി തൊഴിലാളികൾ കുറഞ്ഞു. മണ്ണിൽ നിർമിച്ച പൂട്ടുകട്ട, മേൽക്കൂരക്ക് ജി.ഐ പൈപ്പ് വിനിയോഗിച്ച് ഷീറ്റിടൽ തുടങ്ങിയവയെല്ലാം വന്നതും കൽപണിക്കാർക്ക് തിരിച്ചടിയായി. ഇരുമ്പ് വെൽഡിങ് ജോലിക്കാർക്ക് ഇതോടെ നിർമാണമേഖലയിൽ സാധ്യതയേറിയെങ്കിലും ഇതും അതിഥി തൊഴിലാളികളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. പ്രീ ഫാബ് കെട്ടിടനിർമാണത്തിനും വെൽഡിങ് തൊഴിലാളികൾക്ക് സാധ്യതയേറി. പടവുകൾക്ക് ഹുരുഡീസ് വിനിയോഗിക്കൽ പിന്നെയും തുടങ്ങിയതിനാൽ അടച്ചുപോയ ഫറോക്കിലെ പഴയ ഓട്ടുകമ്പനികളിൽ ചിലത് സാധ്യത കണക്കിലെടുത്ത് ഹുരുഡീസ്, ഇഷ്ടിക എന്നിവയുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്.
-തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.