എസ്.പി സുജിത് ദാസിനെതിരായ വാർത്ത ഷെയർ ചെയ്ത പൊലീസുകാർക്കെതിരെ കൂട്ട നടപടി
text_fieldsമലപ്പുറം: ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരായ വാർത്തകൾ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചതിന്റെ പേരിൽ മലപ്പുറം ജില്ലയിൽ പൊലീസുകാർക്കെതിരെ കൂട്ട നടപടിക്ക് നീക്കം. ആദ്യഘട്ടത്തിൽ വനിത പൊലീസുകാരിയടക്കം നാല് പൊലീസുകാർക്കെതിരെയാണ് നടപടി. ഇതിന് മുന്നോടിയായി വാച്യാന്വേഷണം നടത്താൻ മലപ്പുറം എസ്.പി ആർ. വിശ്വനാഥ് ഉത്തരവിട്ടു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. സസ്പെന്ഷനിൽ ആയിട്ടും ജില്ല പൊലീസിൽ സുജിത് ദാസിന്റെ നേതൃത്വത്തിൽ സമാന്തര ഭരണം ഉണ്ടെന്നുള്ള ആരോപണം പൊലീസുകാർക്കിടയിൽ നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കം.
സുജിത്ദാസിനെതിരെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളും പുറത്തുവിട്ട ഫോൺ റെക്കോഡും വിവാദമായതോടെയാണ് എസ്.പി സ്ഥാനത്തുനിന്ന് നീക്കുകയും സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തത്. സുജിത്തിനും സംഘത്തിനുമെതിരെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഷെയർ ചെയ്ത പൊലീസുകാർക്കെതിരെയാണ് അച്ചടക്ക ലംഘനം ആരോപിച്ച് നടപടിക്ക് നീക്കം നടക്കുന്നത്. ജില്ല സ്പെഷ്യൽ ബ്രാഞ്ചിന്റെയും നിലമ്പൂർ ഡി.വൈ.എസ്.പിയുടെയും പ്രാഥമികാന്വേഷണത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം ബോധ്യമായെന്നും കൂടുതൽ അന്വേഷണം വേണമെന്നുള്ളതിനാൽ 1958ലെ കേരള പൊലീസ് ഡിപ്പാർട്ട്മെൻറൽ എൻക്വറീസ് പണിഷ്മെൻറ് ആൻറ് അപ്പീൽ റൂൾസ് പ്രകാരം സംയുക്ത വാച്യാന്വേഷണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.
വഴിക്കടവ് സ്റ്റേഷനിലെ ഇ.ജി. പ്രദീപ്, മലപ്പുറം ട്രാഫിക് യൂണിറ്റിലെ അബ്ദുൽ അസീസ്, നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ ടി.എസ്. നിഷ, മഞ്ചേരി സ്റ്റേഷനിലെ പി. ഹുസൈൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായും അല്ലാതെയും രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശമയച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. നിലവിൽ സ്റ്റേഷനിൽ ജോലിചെയ്യുന്നവരും സ്ഥലമാറ്റം ലഭിച്ചുപോയവരും ഈ ഗ്രൂപ്പുകളിലുണ്ട്. പൊലീസ് നടപടി നേരിട്ട സാമൂഹ്യവിരുദ്ധർ പൊലീസ് സംവിധാനത്തിനെതിരെ നടത്തുന്ന അപകീർത്തികരമായ പ്രചരണങ്ങളുടെ ചുവടു പിടിച്ചുള്ള വാർത്തകളും പോസ്റ്റുകളും ഷെയർ ചെയ്തുവെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളായുള്ള ഇത്തരം ഗ്രൂപ്പുകളിൽ പൊലീസ് സംവിധാനത്തിന് എതിരായതും അച്ചടക്ക വിരുദ്ധമായതും സേനയുടെ പ്രവർത്തികളോട് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാകുന്നതുമായ പക്ഷപാതപരമായ പോസ്റ്റുകളാണ് ഇവർ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടത്രെ. പൊ സേനാംഗങ്ങളുടെ ആത്മവീര്യം തകർക്കുന്നതും പൊലീസ് സംവിധാനത്തെ നിഷ്ക്രിയമാക്കി അടിസ്ഥാന പൊലീസിങ് ഇല്ലാതാക്കുന്നതും ഉദ്ദേശിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഇവർ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.