തിരൂരങ്ങാടിയിൽ വ്യാജ ആര്‍.സികൾ കൂട്ടത്തോടെ റദ്ദാക്കുന്നു; സമ്മതിക്കാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആര്‍.ടി ഓഫിസില്‍ വ്യാജ ആർ.സികളുടെ വ്യാപക റദ്ദാക്കൽ തുടരുന്നു. വ്യാജമായി നിർമിച്ചതെന്ന് ഉറപ്പുള്ള ആര്‍.സികളുടെ ഉടമകള്‍ക്ക് നോട്ടീസ് അയച്ച്, ഇവ റദ്ദാക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ നിരവധി പേരാണ് ഇത്തരത്തിൽ ആര്‍.സി റദ്ദാക്കാനെത്തിയത്. തിരൂരങ്ങാടി സബ് ആര്‍.ടി ഓഫിസില്‍ ജോയന്റ് ആര്‍.ടി.ഒക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഓഫിസില്‍നിന്ന് കത്തയക്കുന്നത്.
എന്താണെന്നറിയാനെത്തുന്ന വാഹന ഉടമകളോട് നിങ്ങളുടെ ആര്‍.സി അനധികൃതമാണെന്നും അത് റദ്ദാക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റദ്ദാക്കാന്‍ സമ്മതിക്കാത്തവരെ പൊലീസിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം എ.ആര്‍ നഗര്‍ സ്വദേശി അഭിജിത്ത് ഏജന്റില്‍നിന്ന് വാഹനം വാങ്ങിയിരുന്നു. ആര്‍.സി അഭിജിത്തിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ദിവസങ്ങൾക്കുശേഷം തിരൂരങ്ങാടി സബ് ആര്‍.ടി ഓഫിസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കത്ത് വന്നു. ബുധനാഴ്ച ഓഫിസിലെത്തിയപ്പോഴാണ് ആര്‍.സി വ്യാജമാണെന്ന് അറിയുന്നത്. വ്യാജ ആര്‍.സി കേസില്‍ പൊലീസ് പിടികൂടിയ ഉള്ളണം സ്വദേശി നിസാറിൽനിന്നാണ് വാഹനം വാങ്ങിയത്.
ഉടമ മരണപ്പെട്ടതും തിരിച്ചടവ് തെറ്റിയതിന് പിടികൂടിയതുമായ വാഹനങ്ങള്‍ യഥാർഥ ഉടമ അറിയാതെ ആര്‍.സി വ്യാജമായി നിര്‍മിക്കുന്നതായി തിരൂരങ്ങാടി സബ് ആര്‍.ടി ഓഫിസിനെതിരെ പരാതി ഉയരുകയും യൂത്ത്‌ലീഗ് സമരത്തെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് പേരാണ് അറസ്റ്റിലായത്. മൂന്ന് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജോയന്റ് ആര്‍.ടി.ഒയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് വ്യാജ ആര്‍.സികൾ കൂട്ടത്തോടെ റദ്ദാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.