കുർബാന സംഘർഷം: അടച്ചുപൂട്ടിയ സെന്റ് മേരീസ് ബസിലിക്ക ഇന്നും തുറന്നില്ല; വാഹനങ്ങളും വിട്ടുകൊടുത്തില്ല
text_fieldsകൊച്ചി: സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് അടച്ചുപൂട്ടിയ എറണാകുളം സെന്റ് മേരീസ് ബസിലിക്ക തിങ്കളാഴ്ചയും തുറന്നുകൊടുത്തില്ല. ബസിലിക്ക വികാരിയുടെ നേതൃത്വത്തിൽ ജില്ല കലക്ടർ, കൊച്ചി സിറ്റി പൊലീസ് കമീഷണർ എന്നിവരെ നേരിൽക്കണ്ട് പള്ളി തുറന്നുനൽകാൻ അഭ്യർഥിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
കുർബാനയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ വിട്ടുകൊടുക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ഇപ്പോൾ പൊലീസ് കാവലിലാണ് ബസിലിക്ക. ഏകീകൃത കുർബാനയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തെതുടർന്നാണ് ഞായറാഴ്ച പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തത്.
സംഘർഷസാധ്യത ഇല്ലാതിരുന്ന സാഹചര്യത്തിൽ ബസിലിക്ക പൂട്ടിക്കുന്നതിന് പിന്നിൽ മാർ ആൻഡ്രൂസ് താഴത്തിന്റെയും കൂട്ടാളികളുടെയും സ്വാർഥ താൽപര്യങ്ങളാണെന്ന് അതിരൂപത അൽമായ മുന്നേറ്റം കോഓഡിനേഷൻ യോഗം ആരോപിച്ചു. ബസിലിക്കയിൽ ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ബസിലിക്ക അടിച്ചുതകർത്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച തുടങ്ങിയതിന്റെ അടുത്തദിവസം തന്നെ കരുതിക്കൂട്ടി അക്രമത്തിന് തിരികൊളുത്തിയ അഡ്മിനിസ്ട്രേറ്ററെ വത്തിക്കാൻ ഉടൻ തിരിച്ചുവിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.