സി.എസ്.ബി ബാങ്കിനെ സംരക്ഷിക്കാൻ ബഹുജന കൺവെൻഷൻ 20ന്
text_fieldsതൃശൂർ: പകുതിയിലധികം ഓഹരി വിദേശ സ്ഥാപനത്തിന്റെ കൈകളിലെത്തിയ ആദ്യ ബാങ്കായ സി.എസ്.ബി ബാങ്കിനെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) സംരക്ഷിക്കാൻ ബഹുജന കൺവെൻഷൻ ചേരുന്നു. ഈമാസം 20ന് വൈകീട്ട് അഞ്ചിന് തൃശൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിലാണ് കൺവെൻഷൻ.
കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തതോടെ ജനകീയ ബാങ്കിങ്ങിൽനിന്ന് പിന്മാറിയ സി.എസ്.ബി ബാങ്കിന് ഇപ്പോൾ ചെറുകിടക്കാരെ അടുപ്പിക്കാത്ത ബാങ്ക് എന്ന ‘ഖ്യാതി’ സമ്പാദിച്ചിരിക്കുകയാണ്. കോർപറേറ്റ് വായ്പയും സ്വർണപ്പണയ വായ്പയുമാണ് ഇപ്പോഴത്തെ ബിസിനസ്, മുൻഗണന, വിദ്യാഭ്യാസ, കാർഷിക വായ്പകളില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ 10,000 രൂപ അടക്കണം.
ജീവനക്കാർക്കും കടുത്ത പീഡനമാണെന്ന് സംഘടനകൾ ആരോപിക്കുന്നു. ദേശീയ വേതന കരാർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മാനേജ്മെന്റ് ഒരു തൊഴിൽ നിയമവും പാലിക്കാൻ തയാറല്ല. ഇത്തരം ബിസിനസിലൂടെ ലാഭം കൂടുന്നുമുണ്ട്. കഴിഞ്ഞ ഒമ്പതു മാസത്തെ മാത്രം ലാഭം 1000 കോടി രൂപയിൽ അധികമാണ്. ആയിരത്തിൽ താഴെ സ്ഥിരം ജീവനക്കാർ മാത്രമുള്ളപ്പോൾ തുച്ഛ വേതനത്തിൽ 7000ത്തിലധികം താൽക്കാലിക ജീവനക്കാരുണ്ട്.
1200 കോടി രൂപ നിക്ഷേപിച്ച് ബാങ്കിന്റെ പകുതിയിലധികം ഓഹരി കൈവശപ്പെടുത്തിയ ഫെയർ ഫാക്സ് കഴിഞ്ഞ ജൂണിൽ 592 കോടി രൂപക്ക് കുറച്ച് ഓഹരികൾ വിറ്റഴിച്ച് വൻ നേട്ടമുണ്ടാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ‘വിൽപനക്ക് വെച്ചിരിക്കുന്ന’ ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാൻ നടത്തുന്ന നീക്കം. ഐ.ഡി.ബി.ഐ ബാങ്ക് സ്വന്തമാക്കാൻ ആർ.ബി.ഐക്കു മുന്നിൽ താൽപര്യം പ്രകടിപ്പിച്ച് ഷോർട്ട്ലിസ്റ്റിൽ കയറിയവരിൽ പ്രധാനി ഫെയർ ഫാക്സ് ആണ്.
നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയ കാത്തലിക് സിറിയൻ ബാങ്കിനെ സംരക്ഷിക്കാൻ 2018 മുതൽ നടക്കുന്ന ശ്രമത്തിന്റെ തുടർച്ചയാണ് 20ലെ കൺവെൻഷനെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
തുടർപ്രക്ഷോഭങ്ങളെക്കുറിച്ച് ആലോചിക്കാനും രൂപം നൽകാനും ചേരുന്ന കൺവെൻഷനിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, വൈസ് പ്രസിഡന്റ് യു.പി. ജോസഫ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുമെന്ന് അവാർഡ് സ്റ്റാഫ് യൂനിയൻ ദേശീയ പ്രസിഡന്റ് എം. ബാബു ജോസും ബെഫി ജില്ല സെക്രട്ടറി വി.കെ. ജയരാജനും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.