നമ്പിച്ചിറക്കാലായിൽ വീട്ടിൽ ഉയർന്നത് കൂട്ട നിലവിളി
text_fieldsമുട്ടുചിറ(കോട്ടയം): ചിരി നിറച്ചിരുന്ന വീട്ടിലേക്ക് നിശ്ചലയായി വന്ദനയെത്തുമ്പോൾ കാത്തുനിന്ന നാട് വിങ്ങിപ്പൊട്ടി. നടുമുറ്റത്ത് തിങ്ങിക്കൂടിയവർക്കിടയിലൂടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുമ്പോൾ കാത്തുനിന്ന കണ്ണുകളിലെല്ലാം കണ്ണീർത്തളം.
തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാത്രി എട്ടോടെയാണ് വന്ദനയുടെ ചേതനയറ്റ ശരീരവുമായുള്ള ആംബുലൻസ് മുട്ടുചിറ പട്ടാളമുക്കിലെ നമ്പിച്ചിറക്കാലായിൽ വീട്ടിലേക്ക് എത്തിയത്. മൃതദേഹം രാത്രി എട്ടോടെ എത്തിക്കുമെന്ന വിവരം ലഭിച്ചതോടെ സന്ധ്യമുതൽ നാട്ടുകാരും ബന്ധുക്കളും വന്ദനയുടെ സുഹൃത്തുക്കളും വീട്ടിലേക്ക് ഒഴുകിയെത്തി. മൃതദേഹം എത്തിച്ചതോടെ കൂട്ടക്കരച്ചിൽ ഉയർന്നു. സഹപ്രവർത്തകരിൽ പലരും വിതുമ്പലടക്കാൻ പാടുപെട്ടു.
മകൾക്ക് ചെറിയ അപകടം പറ്റിയെന്ന അറിയിപ്പ് മാത്രമാണ് പുലർച്ച വന്ദനയുടെ പിതാവ് മോഹൻദാസിന് ലഭിച്ചത്. മോഹൻദാസും ഭാര്യയും ബന്ധുവിനെയും കൂട്ടി ഉടൻ കൊട്ടാരക്കരക്ക് പുറപ്പെടുകയായിരുന്നു. ഇത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഏറ്റുവാങ്ങാനാണെന്ന് സ്വപ്നത്തിൽ പോലും ഇവർ കരുതിയില്ല.
മോഹൻദാസും അമ്മ വസന്തകുമാരിയും മകൾ ഡോക്ടറായി കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു. മാതാപിതാക്കളുടെ ഈ സ്വപ്നം പൂവണിഞ്ഞെങ്കിലും പാതിവഴിയിൽ കാലം തട്ടിയെടുത്തത് ദാരുണമായ അന്ത്യത്തിലൂടെ. ഇതിന്റെ ആഘാതത്തിൽ വിതുമ്പുന്ന ഇവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിങ്ങിപ്പൊട്ടി.
മോഹൻദാസിനെ ആശ്വസിപ്പിക്കാൻ മന്ത്രി വി.എൻ. വാസവനും ഒപ്പമുണ്ടായിരന്നു. ദുരന്തവിവരം അറിഞ്ഞപ്പോൾ മുതൽ ഇടതടവില്ലാതെ വന്ന ആൾക്കൂട്ടത്തിനാൽ രാത്രിയോടെ പട്ടാളമുക്കിലെ വീട് നിറഞ്ഞു. സമുദായ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെല്ലാം അനുശോചനമർപ്പിക്കാനെത്തി. വന്ദനയുള്ളപ്പോഴെല്ലാം ചിരിനിറയുന്നതായിരുന്നു വീട്ടിലെ പതിവ്.
ബുധനാഴ്ച ഇത് തെറ്റി. വീട് കണ്ണീരിൽ കുതിർന്നു. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടക്കമുള്ളവരും വീട്ടിലെത്തി അനുശോചനമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.