കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി: സി.പി.ഐ-സി.പി.എം തർക്കത്തിനിടെ വിനോദയാത്ര സംഘം ഇന്ന് തിരിച്ചെത്തും
text_fieldsതിരുവനന്തപുരം: സി.പി.ഐ-സി.പി.എം തർക്കത്തിനിടെ കോന്നി താലൂക്ക് ഓഫീസിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം ഇന്ന് തിരിച്ചെത്തും. ഞായറാഴ്ച രാവിലെ ഇവർ കോന്നിയിലെത്തുമെന്നാണ് വിവരം. ഡെപ്യൂട്ടി തഹസിൽദാർമാരായ അജിൻ ഐപ് ജോർജ്, ഹനീഷ് ജോർജ്, ഗിരിജ, അലക്സ് ജോർജ് (എച്ച്. സി), ക്ലർക്കുമാരായ സുഭാഷ് ജോർജ്, ഗിരീഷ്, ജ്യോതി കൃഷ്ണൻ, റിയാസ്, ബിജു, ഹസീന (ഒ.എ), യദുകൃഷ്ണ, അതുൽ, ശരത്, സൗമ്യ, അർച്ചന എന്നിവരാണ് വിനോദ യാത്ര പോയത്.
അതേസമയം, വിഷയത്തിൽ സി.പി.ഐ-സി.പി.എം തർക്കം കൂടുതൽ രൂക്ഷമാവുകയാണ്. താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്ത് വിനോദയാത്ര പോയ സംഭവത്തിൽ എം.എൽ.എ യുടേത് അപക്വമായ നടപടി എന്ന് സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.ആർ. ഗോപിനാഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സർവേ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് എട്ടോളം ഉദ്യോഗസ്ഥർ ഫീൽഡ് ഡ്യൂട്ടിക്ക് പോയവരാണ്. വില്ലേജ് ഓഫിസുകളിലെ അക്കൗണ്ട് പരിശോധനയുമായി ബന്ധപ്പെട്ട് കുറെ ഉദ്യോഗസ്ഥർ പോയിരുന്നു. നിലവിലെ തഹസിൽദാർ അവധി എടുത്തതിനെത്തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ ബിനു രാജിനായിരുന്നു ചുമതല. എന്നാൽ, വിഷയം അറിഞ്ഞ് എത്തിയ എം.എൽ.എ തഹസിൽദാറുടെ കസേരയിൽ ഇരിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. ഇതിന് എം.എൽ.എക്ക് അധികാരമില്ല. അപക്വമായ നിലപാട് പരിശോധിക്കപ്പെടണം.
റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.രാജൻ വളരെ ഗൗരവത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. റവന്യൂ വകുപ്പിൽ മുഴുവൻ പ്രശ്നങ്ങൾ ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് എം.എൽ.എ നടത്തിയത്. ഇതുസംബന്ധിച്ച് സി.പി.ഐ ക്ക് ശക്തമായ പ്രതിഷേധമുെണ്ടന്ന് പി.ആർ. ഗോപിനാഥൻ പറഞ്ഞിരുന്നു. എന്നാൽ, പാറമട മുതലാളിയുടെ ബസിലാണ് വിനോദയാത്ര സംഘം പോയതെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു എം.എൽ.എയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.