അധ്യാപകർക്ക് കൂട്ട ശിക്ഷ; വിദ്യാഭ്യാസ വകുപ്പിൽ അമർഷം പുകയുന്നു
text_fieldsതിരുവനന്തപുരം: അധ്യാപകരെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടിക്കെതിരെ വിദ്യാഭ്യാസ വകുപ്പിൽ അമർഷം പുകയുന്നു. വകുപ്പിലെ കെടുകാര്യസ്ഥത കൊണ്ട് സംഭവിക്കുന്ന പിഴവുകൾക്ക് പോലും മികച്ച സേവന പാരമ്പര്യമുള്ള അധ്യാപകരെ പൊതുസമൂഹത്തിൽ നാണം കെടുത്തുന്ന നടപടികളാണ് വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്ന് നിരന്തരം ഉണ്ടാകുന്നതെന്നാണ് ആക്ഷേപം. ഒടുവിൽ 2022ലെ പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചിക തയാറാക്കിയ 12 അധ്യാപകർക്ക് വിലക്കും താക്കീതും നൽകിയ ഉത്തരവിലും പ്രതിഫലിച്ചത് സമീപകാലത്ത് വർധിച്ച അധ്യാപക ദ്രോഹനടപടിയുടെ ഭാഗമാണെന്നാണ് വിമർശനം. നടപടിക്ക് വിധേയരായവരിൽ ഒരാൾ മരിച്ചുവെന്നതും ഒരാൾ വിരമിച്ചതാണെന്നതും പോലും പരിഗണിച്ചില്ല.
ഹയർ സെക്കൻഡറി പരീക്ഷ വിഭാഗത്തിലാണ് നിസ്സാര കാരണങ്ങളുടെ പേരിൽ വലിയ കുറ്റപത്രം തയാറാക്കി വിചാരണ നടത്തുന്നത് കൂടുതലും. സർക്കാർ നിയോഗിച്ച ഡ്യൂട്ടിയുടെ ഭാഗമായി തയാറാക്കിയ കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് ലഭിക്കാൻ സഹായിക്കുന്നതാണെന്ന കാരണം നിരത്തിയാണ് 12 പേരെ അഞ്ച് വർഷം ചോദ്യപേപ്പർ തയാറാക്കൽ, ഉത്തര സൂചിക തയാറാക്കൽ ജോലികളിൽനിന്ന് വിലക്കുകയും താക്കീത് ചെയ്യുകയും ചെയ്തത്. അധ്യാപകർ അനർഹമായി മാർക്ക് നൽകുന്ന രീതിയിൽ സൂചിക തയാറാക്കിയെന്ന് ഒരു വിദഗ്ദസമിതിയും കണ്ടെത്തിയിട്ടില്ല. പകരം കെമിസ്ട്രി വിഷയത്തിൽ പ്രാവീണ്യമില്ലാത്ത പൊതുവിദ്യാഭ്യാസ ഡയറക്ടറും ജോയൻറ് ഡയറക്ടറും ചേർന്നാണ് കുറ്റപത്രം തയാറാക്കിയത്. അധ്യാപകർ മാപ്പപേക്ഷിച്ചുവെന്ന രീതിയിലാണ് ഉത്തരവ് തയാറാക്കിയത്.
എന്നാൽ ഉത്തര സൂചിക തയാറാക്കിയ സംഭവത്തിൽ തങ്ങൾ മാപ്പപേക്ഷിച്ചിട്ടില്ലെന്ന് നടപടിക്ക് വിധേയരായ അധ്യാപകർ പറയുന്നു. 12 പേരും കാരണം കാണിക്കൽ നോട്ടീസിന് ഒരേ രീതിയിൽ നൽകിയ മറുപടി അപരാധമായി കണ്ട് വിദ്യാഭ്യാസ വകുപ്പ് വീണ്ടും നോട്ടീസ് നൽകി. സൂചിക തയാറാക്കിയത് ഒന്നിച്ചായതിനാലാണ് ഒരേ മറുപടി നൽകിയതെന്നും അധ്യാപകർ വിശദീകരിച്ചിരുന്നു. ഇതിന് മുമ്പ് മലപ്പുറം കുഴിമണ്ണ ജി.എച്ച്.എസ്.എസിൽനിന്ന് പ്ലസ് ടു ഇംപ്രൂവ്മെൻറ് പരീക്ഷയുടെ ചോദ്യപേപ്പർ ഒാഫിസ് കുത്തിത്തുറന്ന് കവർച്ച ചെയ്ത സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കും വകുപ്പ് കുറ്റപത്രം തയാറാക്കുകയും ഓരോരുത്തരിൽ നിന്നും ഒമ്പത് ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി ഈടാക്കാനും ഉത്തരവിട്ടിരുന്നു. സ്കൂളിൽ കള്ളൻ കയറിയെന്ന് സി.സി.ടി.വി ദൃശ്യത്തിൽ തെളിഞ്ഞിട്ടും അധ്യാപകർക്ക് നടപടി നേരിടേണ്ടിവന്നു.
നേരത്തെ കോവിഡ് കാലത്ത് വിദ്യാർഥികളെ അറിയിക്കാതെ പൊതുപരീക്ഷ ഫോക്കസ് ഏരിയ രീതിയിൽ മാറ്റം വരുത്തിയ നടപടിക്കെതിരെ വിമർശനമുന്നയിച്ച അധ്യാപകനായ പി. പ്രേമചന്ദ്രനെതിരെയും വകുപ്പ് നടപടിയെടുത്തു. മന്ത്രി വി. ശിവൻകുട്ടി കാഴ്ചക്കാരനായപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനിലെത്തിയ കോളജ് അധ്യാപകരുമാണ് അധ്യാപക ദ്രോഹനടപടികൾക്ക് മുന്നിട്ടിറങ്ങുന്നതെന്നും അധ്യാപർ കുറ്റപ്പെടുത്തുന്നു.
കെമിസ്ട്രി അധ്യാപകർ അപ്പീലിന്
തിരുവനന്തപുരം: കെമിസ്ട്രി ഉത്തരസൂചിക തയാറാക്കിയതിന് വിലക്ക് നേരിട്ട അധ്യാപകർ കൂട്ടത്തോടെ അപ്പീലിന്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്കെതിരെ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാനാണ് തീരുമാനം. 12 അധ്യാപകരിൽ മരണപ്പെട്ട കെ. അജയന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നതായും സൂചനയുണ്ട്.
നിരന്തരമായ നോട്ടീസും മൊഴിയെടുക്കലുമായി ഒന്നര വർഷത്തോളം മാനസിക പീഡനം നേരിട്ട അധ്യാപകൻ ഇക്കഴിഞ്ഞ അഞ്ചിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അധ്യാപകനെന്നതിനപ്പുറം വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തകനും ശാസ്ത്രപ്രചാരകനുമായിരുന്നു പാലക്കാട് പി.എം.ജി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ അജയൻ.
ശേഷിക്കുന്ന 11 അധ്യാപകരിലൊരാൾ ഇതിനകം വിരമിച്ചു. ഈ 11പേരാണ് അപ്പീലുമായി സമീപിക്കുന്നത്. തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്നും ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ജോയൻറ് ഡയറക്ടറുടെ നേതൃത്വത്തിൽ തയാറാക്കിയ തിരക്കഥയാണ് ഇപ്പോൾ ശിക്ഷ നടപടിയായി പുറത്തുവന്നതെന്നും അധ്യാപകർ പറയുന്നു. അപ്പീലിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.
തെറ്റായതും കുഴപ്പിക്കുന്നതുമായ ചോദ്യങ്ങൾ കാരണം വിദ്യാർഥികൾ പരീക്ഷയിൽ ബുദ്ധിമുട്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉത്തര സൂചിക (സ്കീം) തയാറാക്കുേമ്പാൾ പ്രശ്നമുള്ള ചോദ്യങ്ങളിൽ സ്വീകരിക്കേണ്ട സമീപനം മാത്രമേ തങ്ങൾ തയാറാക്കിയ സ്കീമിലും പാലിച്ചിട്ടുള്ളൂവെന്നും ഇവർ പറയുന്നു. ഇതാണ് കെമിസ്ട്രി വൈദഗ്ദ്യം ഇല്ലാത്ത ഡയറക്ടറും ജോയൻറ് ഡയറക്ടറും ചേർന്ന് വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് നൽകാൻ സഹായിക്കുന്നതാണെന്ന് വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.