റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലിലെഴുതിയ അഡീഷനൽ സെക്രട്ടറിയടക്കം സെക്രേട്ടറിയറ്റിൽ നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. അഡീഷനൽ സെക്രട്ടറി ജി. ഗിരിജകുമാരിയെയാണ് റവന്യൂ വകുപ്പിൽനിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയത്. ഗിരിജകുമാരി ഫയലിലെഴുതിയ നോട്ട് മറികടന്നായിരുന്നു ഉത്തരവിറക്കാൻ മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിയോട് നിർദേശിച്ചത്. ഇതുസംബന്ധിച്ച രേഖകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥലംമാറ്റം.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രേട്ടറിയറ്റ് അസോസിയേഷൻ പ്രസിഡൻറായ ജെ. ബെൻസിയെയും മാറ്റി. ബെന്‍സിയെ സെക്രേട്ടറിയറ്റിന് പുറത്ത് കര്‍ഷക കടാശ്വാസ കമീഷനിലേക്കാണ് മാറ്റിയത്. റവന്യൂവിലെ അഡീഷനല്‍ സെക്രട്ടറി ടി.കെ. സന്തോഷ്കുമാറിനെ തദ്ദേശ ഭരണ വകുപ്പിലേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട ഫയല്‍ വിവരങ്ങള്‍ വിവരാവകാശപ്രകാരം നൽകിയ അണ്ടര്‍ സെക്രട്ടറി ഒ.ജി. ശാലിനിയോട് അവധിയില്‍ പോകാന്‍ നിർദേശിച്ചതിന് പിന്നാലെയാണ് കൂട്ട സ്ഥലംമാറ്റങ്ങളും ഉണ്ടായത്. ഒ.ജി. ശാലിനി രണ്ടുമാസത്തെ അവധിയില്‍ പ്രവേശിച്ചതോടെ പകരം കെ. ബിജിക്ക് ചുമതല നൽകിയിരുന്നു. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി സിമി ജോസിനെ എന്‍.സി.സി ഡയറക്ടറേറ്റിലേക്ക് മാറ്റി.
മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് വേഗത്തിലാക്കാന്‍ റവന്യൂ സെക്രട്ടറിക്ക് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നേരിട്ട് നിർദേശം നല്‍കിയതിെൻറ രേഖകൾ കഴിഞ്ഞദിവസം പുറത്തുവന്നത് സർക്കാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. കാട്ടുകള്ളന്മാര്ക്ക് കഞ്ഞിെവച്ച ജയതിലകിന് മൂക്കുകയറിടുക എന്നപേരില്‍ സെക്രേട്ടറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം നോട്ടീസും ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ജെ. ബെന്സിക്കെതിരെ നടപടി സ്വീകരിച്ചത്.
ഭരണമാറ്റം അടക്കമുള്ള സാഹചര്യങ്ങളില്‍ എതിര് പാര്‍ട്ടി അനുഭാവികളെ സുപ്രധാന ചുമതലകളില്‍നിന്ന് മാറ്റുന്നത് പതിവാണെങ്കിലും നേതാക്കളെ സെക്രേട്ടറിയറ്റിനുള്ളില്തന്നെ നിലനിര്‍ത്താറുണ്ട്. ഇത്തരം കീഴ്വഴക്കങ്ങള് ലംഘിച്ചാണ് അസോസിയേഷന് പ്രസിഡൻറ് ബെന്‍സിയെ മാറ്റിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പ്രധാന തസ്തികയിൽ മൂന്നുവർഷം പിന്നിട്ടവരെയാണ് മാറ്റിയതെന്നാണ് റവന്യൂ വകുപ്പ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.