കോവിഡിനിടെ ദേവസ്വം ബോർഡ് സ്കൂളുകളിൽ അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനകാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. സ്കൂളുകളുടെ മാനേജരായ ദേവസ്വം ബോർഡ് സെക്രട്ടറിയാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾ കോവിഡ് കാലത്ത് ജീവനക്കാരെ സ്ഥലംമാറ്റുന്നതിനെതിരെ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയപ്പോഴാണ് സർക്കാർ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യാപകരെ വിദൂരസ്ഥലങ്ങളിലേക്ക് ഉൾപ്പെടെ സ്ഥലംമാറ്റിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ സ്കൂളുകൾ അധികവും മധ്യകേരളത്തിലാണ്. ഓണ്‍ലൈന്‍ ക്ലാസുകളുടെയും വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സ്റ്റുഡൻറ് പൊലീസ് കേഡറ്റടക്കം പ്രോജക്ടുകളുടെയും ചുമതലകള്‍ വഹിച്ചിരുന്ന അധ്യാപകരെയാണ് അധ്യയനവര്‍ഷം ആരംഭിച്ചശേഷം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള വിദൂര സ്കൂളുകളിലേക്ക് മാറ്റിയത്.
ഹയർ സെക്കൻഡറികളിൽ പ്യൂണ്‍മാരുടെ ജോലികളും ശമ്പള ബില്‍ തയാറാക്കുന്നതുള്‍പ്പെടെ അത്യാവശ്യം ക്ലറിക്കല്‍ ജോലികളും അധ്യാപകര്‍തന്നെയാണ് നിര്‍വഹിച്ചിരുന്നത്. പത്തിൽ താഴെപേര്‍ മാത്രമാണ് സ്ഥലം മാറ്റത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നല്‍കിയവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കും പുറമെ മറ്റ് അധ്യാപകരെക്കൂടി സ്ഥലംമാറ്റിയ നടപടി അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി. കോവിഡ് വ്യാപനവും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കാരണം ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധ്യാപകർ. സ്ഥലം മാറ്റത്തിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ, ദേവസ്വം മന്ത്രിമാര്‍ക്കും ബോര്‍ഡിനും പരാതി നല്‍കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.