കുട്ടനാട് സി.പി.എമ്മിലെ കൂട്ടരാജി; അന്വേഷണ കമീഷൻ തെളിവെടുത്തു
text_fieldsആലപ്പുഴ: കുട്ടനാട്ടിലെ കൂട്ടരാജിയടക്കം ആലപ്പുഴ സി.പി.എമ്മിലെ സമീപകാല സംഭവങ്ങൾ പരിശോധിക്കാൻ പാർട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമീഷൻ വീണ്ടുമെത്തി തെളിവെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവരാണ് ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിലെത്തി വിഭാഗീയത അടക്കമുള്ള വിഷയങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. ജില്ല സെക്രട്ടറി ആർ. നാസർ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ, വിഭാഗീയതയുമായി പരാതി നൽകിയ ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവരിൽനിന്ന് വിവരങ്ങൾ തേടി.
പാർട്ടിയെ വെട്ടിലാക്കി കുട്ടനാട്ടിൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ മൂന്നൂറിലധികം പേരുടെ കൂട്ടരാജിയായിരുന്നു ഇതിൽ പ്രധാനം. നേതൃത്വത്തോട് കലഹിച്ചാണ് കുട്ടനാട്ടിൽ കൂട്ടരാജി തുടരുന്നത്. ജില്ലയിലെ അഞ്ച് ഏരിയ കമ്മിറ്റികളിൽ സമ്മേളന കാലയളവിലുണ്ടായ വിഭാഗീയതയുടെ പരാതികളാണ് കേട്ടത്. ഹരിപ്പാട്, തകഴി, ആലപ്പുഴ നോർത്ത്, സൗത്ത്, മാന്നാർ തുടങ്ങിയ ഏരിയ കമ്മിറ്റികളിൽ കടുത്ത വിഭാഗീയത ഉണ്ടായിരുന്നു. ഈ വിഷയത്തിൽ കമീഷൻ രണ്ടുപ്രാവശ്യം സിറ്റിങ് നടത്തി തകഴി ഒഴികെയുള്ള ഏരിയകളിലെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. കടുത്ത വിഭാഗീയതയിൽ തകഴി ഏരിയക്ക് കീഴിലെ കൈനകരി സൗത്ത് ലോക്കൽ സമ്മേളനം നടത്താൻ കഴിഞ്ഞിരുന്നില്ല. ജില്ല സമ്മേളനത്തിനുശേഷം ഇവിടത്തെ പ്രശ്നം പരിശോധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഇതിന് പിന്നാലെയാണ് കുട്ടനാട് രൂക്ഷമായ സ്ഥിതിയുണ്ടായത്.
കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികൾക്ക് കീഴിൽ ഒരുമാസത്തിനിടെ 307 അംഗങ്ങളാണ് രാജിവെച്ചത്. ഇതിൽ 288പേരും കുട്ടനാട് എ.സിക്ക് കീഴിലെ ബ്രാഞ്ചുകളിലാണ്. രാമങ്കരിയിൽനിന്ന് തുടങ്ങിയതാണ് കൂട്ടരാജി. പുളിങ്കുന്നിൽ സെക്രട്ടറിയടക്കം 10 എൽ.സി അംഗങ്ങളും ബ്രാഞ്ചുകളിലെ 100 അംഗങ്ങളിൽ 75 പേരും രാജി നൽകിയിരുന്നു. വിഷയം സംസ്ഥാന നേതൃത്വം ചർച്ചചെയ്യണമെന്നാണ് ഇടഞ്ഞുനിൽക്കുന്നവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.