അംഗങ്ങൾക്ക് കൂട്ട പരിശീലനം; കാലവർഷക്കെടുതി നേരിടാനാകാതെ അഗ്നിരക്ഷാ സേന
text_fieldsകോഴിക്കോട്: കാലവർഷക്കെടുതിയിൽ സഹായത്തിനെത്തേണ്ട അഗ്നിരക്ഷാ സേനാംഗങ്ങളെ കൂട്ടത്തോടെ പരിശീലനത്തിന് അയച്ചത് സേനയിൽ വിവാദമാകുന്നു. സ്ഥാനക്കയറ്റത്തിന്റെ പേരുപറഞ്ഞാണ് മലയോരമേഖലയിലുൾപ്പെടെ സേവനം ഏറ്റവും ആവശ്യമായ സമയത്ത് അംഗങ്ങളെ പരിശീലനത്തിന് അയക്കുന്നത്.
സംസ്ഥാനത്ത് മിക്ക സ്റ്റേഷനുകളിലും മാസങ്ങളായി അംഗബലം കുറഞ്ഞിരിക്കെയാണ് വിവിധ സ്റ്റേഷനുകളിലെ 100 അംഗങ്ങളെ തൃശൂരിലെ അക്കാദമിയിൽ പരിശീലനത്തിന് എത്തിച്ചത്. 29 ദിവസമാണ് പരിശീലനം. അടുത്ത ജനുവരിയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് 50 ദിവസത്തെ പരിശീലനമാണ് ആവശ്യമായത്. ഇതിൽ 21 ദിവസത്തെ പരിശീലനം ഓൺലൈനായി അതത് സ്റ്റേഷനുകളിൽത്തന്നെ ഇതിനകം നടന്നു. കാലവർഷം ശമിച്ചതിനുശേഷം പരിശീലനം നടത്താമെന്നിരിക്കെ കൂട്ടത്തോടെ അംഗങ്ങളെ പിൻവലിച്ചത് ഡ്യൂട്ടിയിലുള്ള സേനാംഗങ്ങളുടെ ജോലിഭാരം വർധിപ്പിക്കുന്നു.
425ഓളം പേരുടെ ഒഴിവിൽ പി.എസ്.സി നിയമനം വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കി. അഡ്വൈസ് നടപടിയിലാണെന്നാണ് അധികൃതർ പറയുന്നത്. ഉത്തരവ് ലഭിച്ചാൽ പരിശീലനം മാറ്റിവെക്കാവുന്നതേയുള്ളൂവെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. ശബരിമല ഡ്യൂട്ടിക്കു മുമ്പേ പരിശീലനം പൂർത്തിയാക്കാനുദ്ദേശിച്ചാണ് തിടുക്കപ്പെട്ട് പരിശീലനം നൽകുന്നതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.