വയനാട്ടിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsകൽപറ്റ: ഉരുൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ വീഴ്ച, ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് എന്നിവയുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന പിന്നാലെ 27 പേർക്കുകൂടി റവന്യൂ വകുപ്പിൽ സ്ഥലം മാറ്റം.
ഉരുൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം പരാജയപ്പെട്ടതും ദുരന്തനിവാരണ സമയത്ത് ഹോട്ടൽ, ഭക്ഷണം ഇനത്തിൽ വൻതുകയുടെ ബിൽ നൽകിയതുമടക്കം ഗുരുതര ആരോപണങ്ങൾ ഉയർന്ന ഏഴ് ഡെപ്യൂട്ടി തഹസിൽദാർ /ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് സീനിയർ ക്ലർക്കുമാരടക്കം 27 ഉദ്യോഗസ്ഥരെക്കൂടി സ്ഥലം മാറ്റി എ.ഡി.എം ഉത്തരവിറക്കിയത്. റവന്യൂ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് വിവാദമാവുകയും ഉരുൾ ദുരിതാശ്വാസ ഏകോപനം പരാജയപ്പെടുകയും ചെയ്തതിനെതുടർന്ന് ആരോപണ വിധേയരായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളും ചേരിപ്പോരും സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
വില്ലേജ് സേവനം ലഭിക്കാത്തവരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും വർഷങ്ങളായി പാലിക്കപ്പെട്ടിരുന്നില്ല. സ്ഥലംമാറ്റം നൽകാതെ മൂന്നുവർഷത്തിൽ കൂടുതൽ ഒരേ തസ്തികയിൽ നിരവധി ജീവനക്കാർ തുടരുന്നത് സംബന്ധിച്ചും പരാതി ഉയർന്നിരുന്നു. തുടർന്ന് സീനിയോറിറ്റി നമ്പർ 15700 മുതൽ 17500 വരെയുള്ളവരിൽ വില്ലേജ് ഓഫിസ് സേവനത്തിന് വിമുഖത കാണിച്ച ജീവനക്കാരെ ഡിസംബർ 15ന് മുമ്പ് അടിയന്തരമായി സ്ഥലം മാറ്റി റിപ്പോർട്ട് ചെയ്യണമെന്ന് ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിറക്കി. ഇതിനെതുടർന്നാണ് വൈകിയാണെങ്കിലും ജീവനക്കാരെ സ്ഥലം മാറ്റിയത്.
വിവാദമായ ഡി.എം സെക്ഷനിൽ ഉൾപ്പെടെ പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. അതേസമയം, തിങ്കളാഴ്ച ഇറങ്ങിയ സ്ഥലംമാറ്റത്തിലും വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. റവന്യൂ ജീവനക്കാർക്ക് പൊതുസ്ഥലംമാറ്റം ബാധകമായതിനുശേഷം നിശ്ചയിക്കപ്പെട്ട താലൂക്കിന് പുറത്തേക്ക് ജോലി ക്രമീകരണ വ്യവസ്ഥ നിയമപരമായി പാടില്ലെന്നാണ് വ്യവസ്ഥയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, സീനിയർ ക്ലർക്കുമാരെയും സ്പെഷൽ വില്ലേജ് ഓഫിസർമാരെയും എച്ച്.ആർ.എം.എസ് (ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്റ് സിസ്റ്റം) സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി താലൂക്കിന് പുറത്തേക്ക് നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.