വി.എഫ്.എമാരുടെ കൂട്ട സ്ഥലംമാറ്റം വിവാദത്തിൽ
text_fieldsപാലക്കാട്: വില്ലേജ് ഓഫിസുകളിൽ മൂന്ന് വർഷത്തിലധികമായി ജോലിചെയ്യുന്ന 25 ഫീൽഡ് അസിസ്റ്റന്റുമാരെ (വി.എഫ്.എ) സ്ഥലം മാറ്റിയത് വിവാദത്തിൽ. ഒറ്റപ്പാലം താലൂക്കിലെ വിവിധ വില്ലേജുകളിൽ മൂന്ന് വർഷത്തിലധികം ജോലി ചെയ്തുവരുന്ന 25 വി.എഫ്.എമാരെ സ്ഥലംമാറ്റി ചൊവ്വാഴ്ചയാണ് പാലക്കാട് ഡെപ്യൂട്ടി കലക്ടർ (ജനറൽ) ഉത്തരവിട്ടത്. വി.എഫ്.എമാരുടെ കൂട്ട സ്ഥലംമാറ്റം നിരോധിച്ചും ജില്ല തലത്തിൽ എച്ച്.ആർ.എം.എസ് പ്ലാറ്റ്ഫോമിൽ ഓൺലൈൻ വഴി പൊതു സ്ഥലംമാറ്റം അനുവദിച്ചും 2024 നവംബർ 11ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. വി.എഫ്.എമാരുടെ പൊതു സ്ഥലംമാറ്റം 2025 മേയ് 31നകം നടത്തണമെന്നും അടിയന്തര ഘട്ടത്തിൽ മാത്രമേ ഒറ്റപ്പെട്ട സ്ഥലംമാറ്റത്തിന് ഉത്തരവിടാവൂ എന്നും വിധിന്യായത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി സ്ഥലംമാറ്റം നടത്തിയെന്ന് കാണിച്ച് ഡെപ്യൂട്ടി കലക്ടറുടെ നടപടിക്കെതിരെ കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ ഭാരവാഹികൾ ജില്ല കലക്ടർക്ക് പരാതി നൽകി.
പാലക്കാട് പാലക്കയത്ത് വില്ലേജ് അസിസ്റ്റന്റ് സുരേഷ്കുമാര് കൈക്കൂലി വാങ്ങി പിടിയിലായ പശ്ചാത്തലത്തിൽ 2023 മേയ് 24നാണ് സംസ്ഥാനത്ത് മുഴുവൻ വില്ലേജ് ഓഫിസുകളിലും മൂന്ന് വർഷത്തിലധികം ഒരേ വില്ലേജ് ഓഫിസിൽ തുടരുന്ന ജീവനക്കാരെ അതത് തസ്തികയിൽ മുമ്പ് ജോലിചെയ്യാത്ത വില്ലേജുകളിൽ മാറ്റി നിയമിക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിട്ടത്. 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങിയിരുന്നതായി തെളിഞ്ഞതിനെ തുടർന്ന് സുരേഷ് കുമാറിനെ വകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഒറ്റപ്പാലം താലൂക്കിൽ മൂന്ന് വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന വി.എഫ്.എമാരെ സ്ഥലംമാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, സ്ഥലംമാറ്റ പട്ടികയിലെ ജീവനക്കാരെ കലക്ടറുടെ അനുമതിയില്ലാതെ താൽക്കാലികമായോ ജോലിക്രമീകരണ വ്യവസ്ഥയിലോ മറ്റു വില്ലേജുകളിൽ നിയമിക്കാൻ പാടില്ലെന്നും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അതായത് റവന്യൂവകുപ്പിലെ അഴിമതി തടയാനുള്ള നടപടിയുടെ ഭാഗമായാണ് ഉത്തരവിറക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
സ്ഥലംമാറ്റ ഉത്തരവുകൾ പുനഃപരിശോധിച്ച് ഭേദഗതി വരുത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള റവന്യൂ വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. രമേഷ്കുമാർ, ജനറൽ സെക്രട്ടറി എൻ.കെ. പ്രവീൺകുമാർ എന്നിവർ ജില്ല കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.