കുർബാന ഏകീകരണം: മാർപാപ്പക്ക് നേരിട്ട് പരാതി നൽകാൻ എറണാകുളം അതിരൂപത വൈദികർ
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ അയച്ച കത്തിനെ മാനിക്കുന്നുവെങ്കിലും അർപ്പണ രീതിയെക്കുറിച്ചുള്ള സിനഡിന്‍റെ തീരുമാനത്തില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. മാർപാപ്പയുടെ കത്ത് വായിക്കുമ്പോൾ മനസ്സിലാകുന്നത് അദ്ദേഹത്തെ അറിയിച്ച പലകാര്യങ്ങളും മാർപാപ്പയുടെ ചെവിയിലെത്തിയിട്ടില്ലെന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ സങ്കടങ്ങളും പരാതികളും മാര്‍പാപ്പയെ കണ്ട് അറിയിക്കാനാണ് ശ്രമമെന്നും അതിരൂപതയിലെ വൈദികർ വ്യക്തമാക്കി. ഈസ്റ്ററിനു മുമ്പ് സിനഡ് നിശ്ചയിച്ച കുർബാന ക്രമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയിലെ മെത്രാപ്പോലീത്തന്‍ വികാരിക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും കത്തയച്ചത്. ചൊവ്വാഴ്ച ചേരുന്ന വൈദിക കൂട്ടായ്മയില്‍ മാര്‍പാപ്പയുടെ കത്തിനെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തിയതിനുശേഷമായിരിക്കും അതിരൂപതയുടെ നിലപാട് വ്യക്തമാക്കുകയുള്ളൂവെന്നും സംരക്ഷണ സമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു.
സിറോ മലബാര്‍ സഭയിലെ ലിറ്റര്‍ജിയിലെ ഒരു ഭിന്നരൂപമായി ജനാഭിമുഖ കുര്‍ബാന അംഗീകരിക്കണമെന്നും മറ്റുമാവശ്യപ്പെട്ട് അതിരൂപതയിലെ വൈദിക കൂട്ടായ്മ 435 വൈദികരുടെ ഒപ്പുകളോടെ മാര്‍പാപ്പക്ക് അപ്പീല്‍ കൊടുത്തിരുന്നെങ്കിലും ഇക്കാര്യം മാർപാപ്പ അറിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ കത്തിന്‍റെ ഉള്ളടക്കം വ്യക്തമാക്കുന്നത്. പൗരസ്ത്യ കാര്യാലയവും സിറോ മലബാര്‍ സിനഡും മാര്‍പാപ്പയെ വീണ്ടും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. ഭൂമിയിടപാടിന്‍റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രാജിവെക്കേണ്ട സമയം അതിക്രമിച്ചെന്ന് അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.
സുപ്രീംകോടതിയും അദ്ദേഹത്തോട് വിചാരണ നേരിടമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഭൂമിയിടപാടു കേസിന്‍റെ തുടക്കം മുതലേ ഈ കേസ് അന്വേഷിച്ച എല്ലാ കമ്മിറ്റികളും അതിരൂപതയുടെ അധ്യക്ഷനെന്ന നിലയില്‍ ഈ കേസുകളില്‍ അദ്ദേഹത്തിനു സംഭവിച്ച പിഴവുകള്‍ എടുത്തു കാണിച്ചിട്ടുണ്ട്. എന്നിട്ടും ഇതൊരു ടെക്നിക്കല്‍ പ്രശ്നം മാത്രമാണെന്ന് പറയുന്ന കര്‍ദിനാളും സിനഡ് പിതാക്കന്മാരും ആരെയാണ് വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നും അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.