തെരുവുനായകള്‍ക്ക് കൂട്ട വാക്‌സിനേഷൻ നൽകും; പഞ്ചായത്ത്തലത്തില്‍ ഷെല്‍ട്ടറുകള്‍
text_fieldsതിരുവനന്തപുരം: തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
തെരുവുനായകള്‍ക്ക് കൂട്ട വാക്‌സിനേഷന്‍ നല്‍കും. ഇതിനായി ഒരു മാസം നീളുന്ന വാക്‌സിനേഷന്‍ യജ്ഞം നടത്തും. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍. പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളാണ് ഇന്നത്തെ യോഗം തീരുമാനിച്ചത്.
തെരുവുനായകളുടെ കടിയേല്‍ക്കുന്ന പലര്‍ക്കും പേവിഷബാധയുണ്ടാവുന്നതാണ് മരണത്തിന് കാരണം. അതിനാല്‍ വലിയ പേവിഷബാധാ ഭീതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവുനായകള്‍ക്ക് കൂട്ടവാക്‌സിനേഷന്‍ നല്‍കുന്നത്. അതിനായി ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകക്ക് എടുക്കാന്‍ അനുമതി നല്‍കും.
നായകളെ പിടികൂടാന്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കും. കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ കോവിഡ് കാലത്ത് രൂപവത്കരിച്ച സന്നദ്ധസേനയില്‍നിന്ന് താല്‍പര്യമുള്ളവരെ ക്ഷണിക്കും. അവര്‍ക്കൊപ്പം കുടുംബശ്രീ ലഭ്യമാക്കുന്ന ആളുകള്‍ക്കും പരിശീലനം നല്‍കും. സെപ്റ്റംബറില്‍ തന്നെ പരിശീലനം നല്‍കാനാണ് തീരുമാനം. ഇതിനായി വെറ്ററിനറി സര്‍വകലാശാലയുടെ സഹായം തേടിയിട്ടുണ്ട്. പരിശീലനത്തിന് ഒമ്പതു ദിവസം വേണ്ടിവരും.
വളര്‍ത്തുനായകള്‍ക്കും വാക്‌സിനേഷന്‍ നടത്തും. വാക്‌സിനേഷന്‍ നടത്തുന്ന നായകളെ തിരിച്ചറിയാന്‍ മൈക്രോ ചിപ്പിങ്, സ്പ്രേ പെയ്ന്റിങ് പോലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. അവയെ വാക്‌സിനേഷനു കൊണ്ടുവരുന്നവര്‍ക്ക് സര്‍ക്കാര്‍ 500 രൂപ നല്‍കും. പഞ്ചായത്ത് തലത്തില്‍ നായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തും. ഹോട്ട്‌സ് സ്‌പോട്ടുകളില്‍ ഇക്കാര്യങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കും.
കൂടാതെ, പേയുള്ള നായകളെയും അക്രമകാരികളായ നായകളെയും കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും, വന്ധ്യംകരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.