മസാജ് പാർലർ ജീവനക്കാരികളെ ഭീഷണിപ്പെടുത്തി കവർച്ച; തൊണ്ടിമുതലുകൾ കണ്ടെടുത്തു
text_fieldsകൊച്ചി: പുല്ലേപ്പടിയിലെ മസാജ് പാർലറിൽ നടന്ന കവർച്ചയിൽ ആഭരണങ്ങളും കാറും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ തൃശൂർ അയ്യന്തോൾ താണിക്കൽ വീട്ടിൽ ആകാശ് (30), പെരിങ്ങോട്ടുകര അയ്യണ്ടി രാഗേഷ് എന്ന കൈക്കുരു രാഗേഷ് (39), ചാവക്കാട് പാടൂർ മമ്മശ്രമില്ലത്ത് വീട്ടിൽ സിയാദ് (27), ആവണിശ്ശേരി പേരാമംഗലം നിഖിൽ (30) എന്നിവരെ എറണാകുളം ടൗൺ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 14ന് പുലർച്ച രണ്ടിന് മസാജ് പാർലറിൽ അതിക്രമിച്ചുകയറിയ പ്രതികൾ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരികളുടെ സ്വർണാഭരണങ്ങളും സ്ഥാപനത്തിലെ മൊബൈൽ ഫോണുകൾ, ഐ പാഡ്, ലാപ്ടോപ് എന്നിവയും കാറും കവരുകയായിരുന്നു. പിടിയിലായ പ്രതികളെ പ്രാഥമികമായി ചോദ്യംചെയ്തെങ്കിലും പൊലീസിനെ വഴിതെറ്റിക്കുന്ന രീതിയിലുള്ള മറുപടികളാണ് നൽകിയത്.
തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തപ്പോഴാണ് തൊണ്ടിമുതലുകളും ആയുധങ്ങളും കണ്ടെടുത്തത്. ആകാശ് തൃശൂർ ചൂമന്നമണ്ണ് ഭാഗത്ത് നടത്തിയിരുന്ന നായ് ഫാമിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. പൊലീസെത്തുമ്പോൾ അക്രമാസക്തരായ 25 നായ്ക്കളാണിവിടെ ഉണ്ടായിരുന്നത്.
തുടർന്ന് പ്രതിയുടെ സഹോദരിയെ വിളിച്ചുവരുത്തി നായ്ക്കളെ അനുനയിപ്പിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് മസാജ് പാർലർ ജീവനക്കാരിയുടെ മൂക്കുത്തി, കമ്മൽ അടക്കമുള്ള ആഭരണങ്ങൾ കണ്ടെടുത്തത്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പുല്ലേപ്പടി ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കാർ തൃശൂർ അന്തിക്കാട് നിന്നുമാണ് കണ്ടെടുത്തത്. രാഗേഷ് കൊലപാതകം ഉൾപ്പെടെ 47 കേസുകളിലും സിയാദ് 30 കേസുകളിലും പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.