എസ്.എ.ടി യിൽ വൻഅഴിമതി: മൊത്തവ്യാപാരികൾക്ക് മരുന്ന് മറിച്ചുവിൽക്കുന്നുവെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ചികിൽസാ കേന്ദ്രമായ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ (എസ്.എ.ടി) വൻഅഴിമതിയെന്ന് ധനകാര്യ റിപ്പോർട്ട്. കുറഞ്ഞ വിലക്ക് ലഭിക്കുന്ന മരുന്ന് മൊത്തവ്യാപാരികൾക്ക് ഉയർന്ന വിലക്ക് മറിച്ചുവിൽക്കുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. നിർധനരും സാധാരണക്കാരുമായ രോഗികൾക്കു കുറഞ്ഞവിലയിൽ വിതരണം ചെയ്യേണ്ട മരുന്നാണ് മറിച്ച് വിൽക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു..
എസ്.എ.ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ്ബാങ്ക് (ഐ.എച്ച്.ഡി.ബി) ഒഴികെയുള്ള മറ്റ് മൊത്തവ്യാപാരികൾക്ക് കൂടിയ വിലക്കാണ് കമ്പനികൾ മരുന്ന് നൽകുന്നത്. ഇങ്ങനെ സംഭരിക്കുന്ന മരുന്ന് മൊത്തവ്യാപാരികൾക്ക് തന്നെ ഉയർന്ന വിലക്ക് മറിച്ചുവിൽക്കുന്നതിനു പിന്നിൽ വൻതോതിലുള്ള അഴിമതിയുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ ഐ.എച്ച്.ഡി.ബി യുടെ മൊത്തവ്യാപാര ലൈസൻസ് ഉടൻ റദ്ദു ചെയ്യണെന്നും സ്ഥാപനത്തിന്റെ മരുന്നുവില്പന കൗണ്ടർ വഴിയുള്ള ചില്ലറ വ്യാപാരം മാത്രമാക്കി നിയന്ത്രിക്കണമെന്നുമാണ് റിപ്പോർട്ടിലെ ശിപാർശ.
2017 ഫെബ്രുവരിയിലാണ് ഐ.എച്ച്.ഡി.ബിക്ക് മരുന്നുകളുടെ മൊത്ത വ്യാപാരത്തിനുള്ള ലൈസൻസ് ലഭിച്ചത്. ഇത് ദുരുപയോഗം ചെയ്ത് അന്യസംസ്ഥാനത്തിലെ മരുന്നുകമ്പനികളിൽ നിന്നും വളരെ കുറഞ്ഞ വിലക്ക് മരുന്നുകൾ സംഭരിച്ച് ചെറിയ മാർജിനിൽ മറിച്ച് വിറ്റ് കോടിക്കണക്കിന് രൂപയുടെ കച്ചവടം നടത്തുന്നതായി ഡ്രഗ്‌സ് കൺട്രോളറുടെ അന്വേഷണത്തിൽ സംശയാതീതമായി കണ്ടെത്തിയിരുന്നു. ഐ.എച്ച്.ഡി.ബിക്ക് വളരെ വിലകുറച്ചാണ് മരുന്നു കമ്പനികൾ മരുന്ന് നൽകുന്നത്. ഇത് റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളജ്, ശ്രീചിത്രാ മെഡിക്കൽ സെൻറർ, ശ്രീ അവിട്ടം തിരുനാൾ തുടങ്ങിയ ആശുപത്രികളിലെത്തുന്നുണ്ട്.
ഈ ഇടപാടുകൾക്ക് അന്തർസംസ്ഥാന ബന്ധവുമുണ്ട്. അതിനാൽ ഐ.എച്ച്.ഡി.ബിയിലെ ഇത്തരം ഇടപാടുകളെപ്പറ്റി ഫാർമസിയുടെ മുഖ്യചുമതലക്കാരായ ചീഫ് ഫാർമസിസ്റ്റ് എ. ബിജു, സീനിയർ ഫാർമസിസ്റ്റ് പി.എസ്. സുഭാഷ് എന്നിവരെ സർവീസിൽനിന്നും മാറ്റിനിർത്തിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഐ.എച്ച്.ഡി.ബിയിലെ ചുമതലക്കാരായ ഫാർമസിസ്റ്റുകൾ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന എന്നതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. ഐ.എച്ച്.ഡി.ബിയുടെ ഫാർമസികളിലെ അതതു ദിവസങ്ങളിലെ (24 മണിക്കൂർ) വിൽപ്പനയുടെ ബില്ലുകളും ഈ തുക ബാങ്കിലടച്ചതിന്റെ വിവരങ്ങളും ഐ.എച്ച്.ഡി.ബിയിൽനിന്നും അക്കൗണ്ട്സ് വിഭാഗത്തിന് അന്നേദിവസം തന്നെ റിപ്പോർട്ട് ചെയ്യണം. അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിൽ അക്കൗണ്ട്സ് വിഭാഗം ഇവ കൃത്യമായി പരിശോധിക്കണമെന്നും ശിപാർശ ചെയ്തു. .
ഐ.എച്ച്.ഡി.ബിയിൽനിന്നും ക്യാൻസൽ ചെയ്യുന്ന ബില്ലുകൾ അക്കൗണ്ട്സ് ഓഫീസർ നിർബന്ധമായും കൗണ്ടർ സൈൻ ചെയ്യണം. നിലവിൽ ഫോൺ മുഖേനയും വാട്സപ്പ്-ടെസ്റ്റ് മെസേജ് വഴിയുമാണ് ഐ.എച്ച്.ഡി.ബി യിൽ മരുന്നുകൾക്കുള്ള ഓർഡർ സ്വീകരിക്കുന്നത്. ഇനിമുതൽ കമ്പനി, മറ്റ് സ്ഥാപനങ്ങൾ, മൊത്തവിതരണക്കാർ എന്നിവയിൽ നിന്ന് ഇൻഡന്റ് വാങ്ങി അക്കൗണ്ട്സ് ഓഫീസറുടെ അംഗീകാരത്തോടെ മാത്രമേ സപ്ലൈ ഓർഡറുകൾ നൽകുവാൻ പാടുള്ളുവെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പ്രവർത്തനച്ചെലവ് കൂടുന്നുവെന്ന കാരണത്താൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് എക്കോകാർഡിയോഗ്രാം ദിവസം സേവനം രണ്ടോ മൂന്നോ രോഗികൾക്കായി പരിമിതപ്പെടുത്തിയ എക്സിക്യൂട്ടീവ്കൗൺസിൽ തീരുമാനം പുന:പരിശോധിക്കണം. സൊസൈറ്റിയുടെ ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ഒരു ചാർട്ടേഡ് അക്കൗണ്ടൻറി ന്റെ ആഡിറ്റ് മാത്രമാണ് നടന്നു വരുന്നത്. 2015 ൽ ഡി.എം.ഇയുടെ ആഡറിറ്റ് കൂടി നടത്തണമെന്ന് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായിട്ടില്ല. അതിനാൽ സൊസൈറ്റിയിൽ ഡി.എം.ജി ഓഡിറ്റ് നടത്തണമെന്ന എക്സിക്യൂട്ടീവ് കൗൺസിൽ ശുപാർശ നടപ്പിലാക്കമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.