തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിൽ വൻ ക്രമക്കേട്: 'അമ്പലം വിഴുങ്ങികൾ' തട്ടിയത് 8.60 ലക്ഷമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ധനകാര്യ റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ അർപ്പിക്കുന്ന വഴിപാടായ താമരമാലയുടെ ടിക്കറ്റ് സമ്പ്രദായം ഏർപ്പെടുത്തിയ ശേഷമാണ് ക്രമക്കേടുകളുടെ തോത് ക്രമാതീതമായി വർധിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിൽ 1997-98 മുതൽ 2001-02 വരെ താമരമാല വഴിപാടിൽ മാത്രമായി 8,11,825 രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. പുറംവക വഴിപാട്-11,700, ഊട്ടുപുര-പാത്രവാടക-37,205 എന്നിങ്ങനെ ആകെ 8,60,730 രൂപയുടെ ക്രമക്കേടാണ് പരിശോധനിയിൽ കണ്ടെത്തിയത്.
പാട്ടം, മിച്ചവാരം വരവ് നിലച്ചതിന് ശേഷം ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന ദേവസ്വത്തിൽ ഭക്തർ വിശ്വാസപൂർവം സമർപ്പിക്കുന്ന വഴിപാട് തുകയുടെ സിംഹഭാഗവും ദേവസ്വം അറിയാതെ കണക്കിൽപ്പെടാതെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാർ തട്ടിയെടുത്തു. വർഷങ്ങളോളം നടന്ന പ്രക്രിയയാണിത്. താമരമാല വഴിപാടിന് 175 രൂപയാണ്. 1997നുശേഷം താമരമാലയുടെ ബുക്ക് നമ്പരും രസീത് നമ്പരും രജിസ്റ്ററിൽ എഴുതിയിട്ടില്ല. രസീത് എഴുതാൻ ഏർപ്പെടുത്തിയ വ്യക്തികൾ തന്നെയാണ് ക്രമക്കേട് നടത്തിയതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
ദേവസ്വം വകുപ്പിന്റെ ആവശ്യപ്രകാരമാണ് ധനകാര്യ വിഭാഗം പരിശോധന നടത്തിയത്. ഈ കാലയളവിൽ അഡ്മിനിസ്ട്രേറ്ററുടെ ചുമതല നിർവഹിച്ചിരുന്ന ഉദ്യോഗസ്ഥരിൽനിന്നും നഷ്ടത്തിന് അനുസൃതമായി 18 ശതമാനം പിഴ പലിശയടക്കം ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ക്ഷേത്രത്തിലെ കൗണ്ടർ മുഖേനയും അക്കൗണ്ട് മുഖേനയും ലഭിക്കുന്ന വരുമാനവും മറ്റ് വരുമാനങ്ങളും ഓരോ ദിവസവും അക്കൗണ്ടന്റ്, മാനേജർ എന്നിവർ പരിശോധിച്ച് വിലയിരുത്തണമെന്നും അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരം ഉറപ്പ് വരുത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
ക്ഷേത്രത്തിൽ മരാമത്ത് പ്രവർത്തികൾക്ക് നടത്തുന്ന സുതാര്യമായ നടപടിക്രമം ഉറപ്പു വരുത്തണം. ക്ഷേത്രത്തിലെ വരവും ചെലവും എല്ലാ മാസവും അഡ്മിനിസ്ട്രേറ്റർ പരിശോധിച്ച് ഉറപ്പു വരുത്തണം. ക്രമക്കേടുകൾ വഴി നഷ്ടങ്ങൾക്ക് അഡ്മിനിസ്ട്രേറ്ററെ ഉത്തരവാദിത്തപ്പെടുത്തണമെന്നും ശിപാർശയുണ്ട്.
അന്വേഷണ റിപ്പോർട്ട് പ്രകാരം താമരമാല വഴിപാടിനത്തിൽ ക്ഷേത്രത്തിനുണ്ടായ നഷ്ടവും അതിന് ഉത്തരവാദിയായ ജീവനക്കാരിൽനിന്ന് തരിച്ച് പടിക്കണമെന്നാണ്. 1997-98 കാലത്ത് ഇ.കെ. പ്രഭാകരൻ-68,312 രൂപ, വി.വി. രാമചന്ദ്രൻ-68,312 രൂപ, 1999-99ൽ വി.വി.രാമചന്ദ്രൻ-2,91,798 രൂപ, എം.പി .സുധാകരൻ-2,6, 527, 1999- 2000ൽ വി.കെ പ്രഭാകരൻ- 2,80,000 രൂപ, 2000-2001ൽ വി.കെ. പ്രഭാകരൻ-39,025 രൂപ, 2001-02ൽ വി.കെ. പ്രഭാകരൻ- 12,505, കെ. ഉണ്ണിക്കൃഷ്ണൻ- 33,3435 രൂപ എന്നിങ്ങനെയാണ് തുക തിരിച്ചടക്കേണ്ടത്.
ദേവസ്വത്തിന്റെ ധനകാര്യ വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിലും വരവിനങ്ങൾ പരിശോധിക്കുന്നതിലുമുള്ള വീഴ്ചകൾ പല സന്ദർഭങ്ങളിലും തൃശൂർ കലക്ടർ കൂടൽമാണിക്യം ദേവസ്വത്തിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കലക്ടർ ദേവസ്വം ഓഫീസിൽ പരിശോധന നടത്തി നാൾവഴി, അപാകതകൾ മറ്റു രേഖകൾ എന്നിവ ചൂണ്ടിക്കാട്ടിയിരുന്നു. നാൾവഴിയും ബന്ധപ്പെട്ട രജിസ്റ്ററുകളും എഴുതി സൂക്ഷിക്കാതിരുന്ന അക്കൗണ്ടന്റ് നാരായണൻ നമ്പൂതിരിക്ക് കലക്ടർ മെമ്മോ നൽകിയിരുന്നു. തുടർന്നും തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.