ഭൂമി തരംമാറ്റലിന്റെ മറവിൽ സംസ്ഥാനത്ത് വൻ വെട്ടിപ്പ്; വിജിലൻസ് പരിശോധന തുടരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരംമാറ്റലിന്റെ മറവിൽ നടക്കുന്നത് വൻവെട്ടിപ്പ്. ‘ഓപറേഷൻ കൺവെർഷൻ’ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
തിരുവനന്തപുരം, നെടുമങ്ങാട്, കൊല്ലം, പുനലൂർ, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, പാല, ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ, പാലക്കാട്, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, വടകര, മലപ്പുറം, പെരിന്തൽമണ്ണ എന്നീ റവന്യൂ ഡിവിഷനൽ ഓഫിസുകളിൽ 50 സെന്റിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമിയുടെ 10 ശതമാനം ജലസംഭരണത്തിനായി മാറ്റിവെക്കണമെന്ന ചട്ടം വ്യാപകമായി അട്ടിമറിച്ചതായി കണ്ടെത്തി.
സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും സ്വകാര്യ ഏജൻസികളും റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരും ഭൂമി തരംമാറ്റത്തിന് ഏജന്റുമാരായി പ്രവർത്തിക്കുന്നു. ഒരു ഏജൻസിയുടെ മൊബൈൽ നമ്പറിൽനിന്ന് മാത്രം സംസ്ഥാനത്തെ വിവിധ റവന്യൂ ഡിവിഷനൽ ഓഫിസുകളിൽ ഭൂമി തരംമാറ്റത്തിന് 700 അപേക്ഷകൾ സമർപ്പിച്ചതായി കണ്ടെത്തി.
പാലക്കാട് -166, തൃശൂർ -154, ചെങ്ങന്നൂർ -93, നെടുമങ്ങാട് -86, മൂവാറ്റുപുഴ -66, പുനലൂർ -44, ഫോർട്ട് കൊച്ചി -21, പെരിന്തൽമണ്ണ -19, കോട്ടയം -14, ഒറ്റപ്പാലം -13 അപേക്ഷകളും തിരുവനന്തപുരം, ആലപ്പുഴ ഓഫിസുകളിൽ ഏഴ് വീതം അപേക്ഷകളും കൊല്ലം, ഇരിങ്ങാലക്കുട ഓഫിസുകളിൽ ആറ് വീതം അപേക്ഷകളും പാല ഓഫിസിൽ അഞ്ച് അപേക്ഷകളും കാഞ്ഞങ്ങാട്, മാനനന്തവാടി ഓഫിസുകളിൽ മൂന്ന് വീതം അപേക്ഷകളും ഒരേ മൊബൈൽ നമ്പർ രേഖപ്പെടുത്തി നൽകിയതായി കണ്ടെത്തി.
ഇടുക്കി, പാലക്കാട് ഓഫിസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 2017ന് ശേഷം ആധാരം ചെയ്ത വസ്തുക്കളും തരംമാറ്റി നൽകി. ഇടുക്കി ഓഫിസിൽ ഒരു അപേക്ഷകന്റെ രണ്ട് ഏക്കറോളം ഭൂമി തുച്ഛ തുക ഈടാക്കി തരംമാറ്റി.
തരംമാറ്റാൻ പാടില്ലെന്ന ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ ശിപാർശ മറികടന്ന് കോട്ടയം, പെരിന്തൽമണ്ണ ഓഫിസുകളിൽ വസ്തു തരംമാറ്റി നൽകി. മാനന്തവാടി ഓഫിസിൽ യഥാർഥ ഉടമ അറിയാതെ ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാൻ അപേക്ഷ സമർപ്പിച്ചു. പല ഓഫിസുകളിലും സ്ഥലപരിശോധന ആവശ്യമാണെന്ന അപേക്ഷകൾ മാസങ്ങളായി മാറ്റിവെച്ചതായി കണ്ടെത്തി.
ഒരേ മൊബൈൽ നമ്പരിൽനിന്ന് അപേക്ഷ സമർപ്പിച്ച് നടപടിക്രമം പൂർത്തിയാക്കിയ അപേക്ഷകളിൽ നിയമപ്രകാരമാണോ തരംമാറ്റം നൽകിയതെന്ന് കണ്ടെത്താൻ വരും ദിവസങ്ങളിൽ പരിശോധന നടത്തും.
സ്വകാര്യ വ്യക്തികളും ഏജൻസികളും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തുവിന്റെ ഉടമകളെ കണ്ടെത്തി അവരുമായി ധാരണയിലേർപ്പെട്ട ശേഷമാണ് ക്രമക്കേട്. ഇത്തരം ഏജൻസികൾ 10 മുതൽ 50 സെന്റ് വരെ ഭൂമി തരംമാറ്റാൻ അപേക്ഷകരിൽനിന്ന് വൻതുക ഫീസ് ഈടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.