കയർ ഫാക്ടറിക്ക് സമീപം ചകിരി മാലിന്യ കൂമ്പാരത്തിന് വൻ തീപിടിത്തം
text_fieldsആറാട്ടുപുഴ: കയർ ഫാക്ടറിക്ക് സമീപം നിക്ഷേപിച്ച ചകിരിയുടെ മാലിന്യ കൂമ്പാരത്തിന് വൻ തീപിടിത്തം. ആറാട്ടുപുഴ പത്തിശേരി ജങ്ഷന് കിഴക്ക് ജെട്ടി ഭാഗത്ത് പ്രവർത്തിക്കുന്ന ആറാട്ടുപുഴ നെടുംതറയിൽ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള സീസൺ കയർ ഫാക്ടറിക്ക് സമീപമാണ് സംഭവം.
വൈകീട്ട് അഞ്ചുമണിയോടെ നാട്ടുകാരാണ് ചകിരി കൂമ്പാരത്തിൽ തീ പടർന്നു പിടിക്കുന്നതായി കണ്ടത്. അഗ്നി രക്ഷാസേനെ അറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും ഹരിപ്പാട് നിന്നും അഞ്ചരയോടെ നാല് യൂണിറ്റ് എത്തി. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൂന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ ഏറെക്കുറെ അണച്ചത്.
ചകിരിക്കൂനയുടെ ഉള്ളിലേക്ക് തീ പടർന്നതിനാൽ ചകിരി ഇളക്കാതെ വെള്ളം ഒഴിച്ചിട്ട് കാര്യമായ ഫലം കണ്ടില്ല. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തി ചകിരി ഇളക്കി കൂനയുടെ ഉള്ളിലേക്ക് വെള്ളമൊഴിച്ച് തീ കെടുത്താനാണ് ശ്രമം.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തൊട്ടടുത്തുള്ള കയർ ഫാക്ടറിയിലേക്കും മറ്റും തീ പടരുന്നത് തടയാൻ കഴിഞ്ഞു. ഇതിനിടെ കടലാക്രമണത്തിൽ മണ്ണ് കയറിയ റോഡിൽ രക്ഷാപ്രവർത്തനത്തിന് കായംകുളത്തു നിന്ന് എത്തിയ അഗ്നി രക്ഷാ സേനയുടെ ഒരു യൂനിറ്റ് താഴ്ന്നുപോയി. നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.