കാർഗോ നിരക്കിൽ വൻ വർധന; ചരക്കുനീക്കത്തിന് തിരിച്ചടി
text_fieldsകരിപ്പൂർ: കാർഗോ നിരക്കിൽ വിമാനക്കമ്പനികൾ വൻവർധന വരുത്തിയത് ചരക്കുനീക്കത്തിന് തിരിച്ചടിയാകുന്നു. ഇരട്ടിയിലധികം വർധനയാണ് വന്നിരിക്കുന്നത്. ഇത് കോഴിക്കോട് ഉൾപ്പെടെ എല്ലാ വിമാനത്താവളങ്ങളിൽനിന്നുമുള്ള ചരക്കുനീക്കത്തെ ബാധിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ, കരിപ്പൂരിൽ എം.കെ. രാഘവൻ എം.പിയും വിമാനത്താവള ഡയറക്ടർ എസ്. സുരേഷിന്റെയും നേതൃത്വത്തിൽ വിമാനക്കമ്പനി പ്രതിനിധികളുടെ യോഗം ചേർന്നു.
നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ, വിമാനത്താവള അതോറിറ്റി തുടങ്ങിയവർ മുഖേന വിമാനക്കമ്പനികൾക്ക് കത്ത് നൽകാനാണ് തീരുമാനം. നേരത്തേ സൂചന സമരം ഉൾപ്പെടെ നടന്നിരുന്നു. പരിഹാരമില്ലാത്തതിനാലാണ് അടിയന്തര യോഗം ചേർന്നത്.
പഴം, പച്ചക്കറി കയറ്റുമതിയെയാണ് വർധന ബാധിച്ചിരിക്കുന്നത്. ഒരു കിലോഗ്രാമിന് നേരത്തേ 50 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇത് 100 മുതൽ 105 രൂപ വരെയായാണ് വർധിച്ചിരിക്കുന്നത്. ഒരു ടണ്ണിന് 50,000 രൂപയായിരുന്നത് ഒരു ലക്ഷത്തിന് മുകളിലായി. കോവിഡിനെ തുടർന്നാണ് ഒറ്റയടിക്ക് നിരക്ക് ഉയർത്തിയത്. 18 ശതമാനം ജി.എസ്.ടിയും ഈടാക്കുന്നുണ്ട്. ഇത് തിരികെ നൽകുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ദിനേന അഞ്ച് ടൺ കയറ്റുമതി നടത്തുന്നയാൾക്ക് മാസം 25 ലക്ഷം രൂപയാണ് ഈയിനത്തിൽ മാത്രം അധികച്ചെലവ് വരുന്നത്. നിരക്ക് വർധന വന്നതോടെ ചരക്ക് നീക്കവും കുറഞ്ഞു. കോവിഡിന് മുമ്പ് പ്രതിദിനം 100 ടൺ വരെയുണ്ടായിരുന്നത് 40 ടണ്ണായി ചുരുങ്ങിയതായി കയറ്റുമതിക്കാർ പറയുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിൽ 20-22 ടണ്ണായും കുറഞ്ഞു. വിമാനക്കമ്പനി വർധിപ്പിച്ചതിന് അനുസരിച്ച് നിരക്ക് വർധിപ്പിക്കാനും സാധ്യമല്ല. രൂക്ഷമായി തുടർന്നാൽ വിദേശനാണ്യത്തിലും കുറവുവരും. വിമാനത്താവള അതോറിറ്റി, കെ.എസ്.ഐ.ഇ, കർഷകർ തുടങ്ങിയവർക്കും വലിയ നഷ്ടമാണ് സംഭവിക്കുക. കയറ്റുമതി കുറയുന്നത് വിമാനക്കമ്പനികൾക്കും തിരിച്ചടിയാണ്. യോഗത്തിൽ കാലിക്കറ്റ് എക്സ്പോർട്ട് അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി അബ്ദുൽ റഹ്മാൻ, വൈസ് പ്രസിഡന്റ് അഫ്സൽ, ബാബു, സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.