ഫലസ്തീന് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടിയുടെ കൂറ്റൻറാലി
text_fieldsകോഴിക്കോട്: ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരെ പൊരുതുന്ന ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് വെൽഫെയർ പാർട്ടിയുടെ കൂറ്റൻ റാലി. ‘സ്വതന്ത്ര ഫലസ്തീനാണ് നീതി’ എന്ന പ്രമേയത്തിൽ നടത്തിയ റാലിയിലും പൊതുസമ്മേളനത്തിലും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു. കോഴിക്കോട് കോർപറേഷന് സ്റ്റേഡിയം ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി മാവൂർ റോഡ് വഴി മുതലക്കുളം മൈതാനത്ത് സമാപിച്ചു. സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തെ ഏറ്റവും വലിയ അനിധിവേശ രാഷ്ട്രമാണ് ഇസ്രായേൽ എന്നും വംശവെറിയാലും മനുഷ്യരക്തത്താലും രൂപവത്കൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘ്പരിവാരവും സയണിസവും ഭീകര വംശീയ പ്രസ്ഥാനങ്ങളാണ്.
അതിനാൽ സയണിസ്റ്റുകൾ നിർമിച്ചെടുത്ത ഇസ്രായേലിനെ വംശീയ ഇന്ത്യ പിന്തുണക്കുന്നതിൽ അത്ഭുതമില്ല. പക്ഷേ, ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യത്തെ അവഹേളിക്കലാണത്.
ഇസ്രായേലിനെയും ഗസ്സയെയും സമീകരിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ഭീകരതയുടെ ഇരകളാക്കപ്പെട്ട മനുഷ്യരെ ഇത്തരത്തിൽ സമീകരിക്കുന്നത് അനീതിയാണ്. ലോകത്ത് സൈന്യമില്ലാത്ത, അതിർത്തിയില്ലാത്ത രാജ്യമാണ് ഫലസ്തീൻ എന്ന യാഥാർഥ്യം അറിയാത്തവരാണ് ഹമാസിനെ നിരായുധീകരിക്കണം എന്ന് പറയുന്നത്. തൽപര കക്ഷികളെ തൃപ്തിപ്പെടുത്താനാണിത്.
ഇത്തരം ഭീകരവാദ പ്രചാരണങ്ങൾ വംശീയതയെ താലോലിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശപ്രവർത്തകൻ എ. വാസു, ഡോ. പി.കെ. പോക്കർ, എ.പി. അബ്ദുൽ വഹാബ്, മറുവാക്ക് അംബിക, ഡോ. ആർ. യൂസുഫ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ്, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് വൈസ് പ്രസിഡന്റ് നഈം ഗഫൂർ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ് ലം ചെറുവാടി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് ടി.കെ. മാധവൻ, സംസ്ഥാന കമ്മിറ്റി അംഗം ശംസീർ ഇബ്രാഹീം എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ സ്വാഗതവും ജില്ല സെക്രട്ടറി കെ.സി. അൻവർ നന്ദിയും പറഞ്ഞു.
മുസ്തഫ പാലാഴി, പി.സി. മുഹമ്മദ് കുട്ടി, എ.പി. വേലായുധൻ, ഇ.പി. അൻവർ സാദത്ത്, അഷ്റഫലി കട്ടുപ്പാറ, നൗഷാദ് ചുള്ളിയൻ, സാലിഹ് കൊടപ്പന, ബി.വി. അബ്ദുൽ ലത്തീഫ്, എം.എ. ഖയ്യൂം, കെ. സലാഹുദ്ദീൻ, മുബീന വാവാട്, എൻ.കെ. ജുമൈല, സുബൈദ കക്കോടി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.