തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ നിയമനതട്ടിപ്പ്
text_fieldsതിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് വൻ നിയമനതട്ടിപ്പ്, നടപടിയെടുക്കാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി റിക്രൂട്ട്മെന്‍റ് ബോർഡ്. ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ തസ്തികകളില്‍ വ്യാജ നിയമനഉത്തരവ് നല്‍കിയതും സാമ്പത്തികതട്ടിപ്പ് നടത്തിയതും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തട്ടിപ്പിനെപ്പെറ്റി തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും പൊലീസ് ഊര്‍ജിതമായി ഇടപെട്ടില്ലെന്ന് ബോർഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ ആരോപിച്ചു.
കായംകുളത്തെ വ്യക്തിയുടെ പേരും ഫോണ്‍ നമ്പറും ഉൾപ്പെടെയാണ് പരാതി നല്‍കിയത്. എന്നിട്ടും െപാലീസ് കാര്യമായി ഇടപെട്ടില്ല. ബോർഡ് തന്നെ കുറ്റക്കാരെ കണ്ടെത്തണമെന്ന നിലയിലായിരുന്നു പൊലീസിന്‍റെ നീക്കം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോഴാണ് പൊലീസ് അനങ്ങിയത്. നാലുകേസുകളിലായി മൂന്നുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ നീക്കങ്ങൾ ഉണ്ടായില്ല. ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിെര മുഖ്യമന്ത്രിയെ സമീപിക്കുമെന്നും രാജഗോപാലന്‍നായര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ഉദ്യോഗാര്‍ഥികളെ നിശ്ചയിക്കുന്നത് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, വൈക്കം ക്ഷേത്രകലാപീഠം, റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്‍റെ തിരുവനന്തപുരത്തെ ആസ്ഥാന കാര്യാലയം എന്നിവിടങ്ങളിൽ ക്ലര്‍ക്ക്, ചവറ ക്ഷേത്രത്തിലെ ശാന്തിക്കാരൻ എന്നീ പോസ്റ്റുകളിലേക്കാണ് തട്ടിപ്പുകാർ വ്യാജനിയമന ഉത്തരവ് നല്‍കിയത്. ബോര്‍ഡ് ആസ്ഥാനത്തെ ജീവനക്കാരന്റെ വ്യാജ ഒപ്പിട്ട നിയമന ഉത്തരവും ചിലര്‍ക്ക് ലഭിച്ചു. ക്ലര്‍ക്ക് നിയമനത്തിനുള്ള പരീക്ഷ മാറ്റിയെന്നായിരുന്നു ഒരാള്‍ക്ക് രേഖാമൂലം കിട്ടിയ അറിയിപ്പ്. പരീക്ഷയില്ല, സര്‍ട്ടിഫിക്കറ്റ് പരിശോധനയേ ഉണ്ടാകൂ എന്നായിരുന്നു അടുത്ത അറിയിപ്പ്. വൈകാതെ നിയമന ഉത്തരവും നല്‍കി. ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെയും ലെറ്റര്‍പാഡും മുദ്രയും അടക്കമാണ് നിയമന ഉത്തരവുകൾ. ചെന്നൈയിലെ പ്ലേസ്‌മെന്റ് സെന്റര്‍ വഴിയാണ് ഇവ തയാറാക്കിയത്.
ബോര്‍ഡ് കോളജിലെ അധ്യാപകന്റെ ഭാര്യയുള്‍പ്പെടെയുള്ളവർ പണം നല്‍കി. തട്ടിപ്പിനിരയായവർ പരാതി നല്‍കിയില്ല. ചെയര്‍മാനും അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
പലരും നൽകിയത് ലക്ഷങ്ങൾ, തട്ടിപ്പ് പുറത്തുവന്നത് കത്ത് കൈപ്പറ്റാത്തതിനെതുടർന്ന്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ജോലി തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പുറത്തറിയാൻ കാരണമായത് സ്ഥാപനം അയച്ച കത്ത് മടങ്ങിയതിനെ തുടർന്ന്. ചെന്നൈയിലെ ഒരു സ്ഥാപനം അയച്ച കത്ത് മടങ്ങിയതും അത് തപാൽ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടതുമാണ് ഇക്കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കോഴിക്കോട് സ്വദേശിയായ ഹരികൃഷ്ണന് ചെന്നൈയിലെ സ്ഥാപനം അയച്ച നിയമന ഉത്തരവ് കൈപ്പറ്റിയിരുന്നില്ല. തപാല്‍ വകുപ്പിലെ പ്രത്യേക വിഭാഗം പരിശോധിച്ചപ്പോഴാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിലേക്കുള്ള നിയമനത്തിനുള്ള കത്താണിതെന്ന് മനസ്സിലായത്.
അക്കാര്യം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയതോടെ ബോർഡ് ഉണർന്ന് പ്രവർത്തിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇതേപ്പറ്റി ചെന്നൈ, കേരള ഡി.ജി.പിമാര്‍ക്ക് ബോര്‍ഡ് പരാതി നല്‍കിയത്. എന്നാൽ, കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ബോർഡ് അധികൃതർ പറഞ്ഞു. പലരും ലക്ഷങ്ങളാണ് ഇതിനായി കൈമാറിയിട്ടുള്ളത്. ദേവസ്വം ബോര്‍ഡില്‍ നിയമനം കിട്ടാന്‍ പേട്ട സ്വദേശി ഏഴരലക്ഷം രൂപയാണ് നല്കാന് ധാരണയുണ്ടാക്കിയത്.
രണ്ടുലക്ഷം മുന്‍കൂറായി നല്‍കിയെന്നും വ്യക്തമായതായി അധികൃതർ പറഞ്ഞു. 18ന് ദേവസ്വം ബോർഡിലെ 50 ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് 1.10 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നുണ്ട്. ഏഴ് ജില്ലകളിലായി 468 കേന്ദ്രങ്ങളിലാണ് എഴുത്തുപരീക്ഷ നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.