എം.ജിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി
text_fieldsകോട്ടയം: ഡിഗ്രി, പി.ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവാവധി അനുവദിക്കാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിന് സിന്‍ഡിക്കേറ്റ് നിയോഗിച്ച കമീഷന്റെ ശിപാര്‍ശകള്‍ക്ക് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം അംഗീകാരം നല്കി.
സംസ്ഥാനത്ത് പഠനകാലയളവിനെ ബാധിക്കാത്ത രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ ഒരു സര്‍വകലാശാല തീരുമാനമെടുക്കുന്നത് ആദ്യമായാണ്. സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രഫഷനല്‍ കോഴ്സുകള്‍(നോണ്‍ ടെക്നിക്കല്‍) എന്നിവയിലെ 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് 60 ദിവസത്തെ പ്രസവ അവധി അനുവദിക്കുക.
പ്രസവത്തിനുമുമ്പോ ശേഷമോ ഈ അവധി എടുക്കാം. പൊതു അവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്. അനിത, ഡോ. എസ്. ഷാജില ബീവി, ഡോ. ബിജു പുഷ്പന്, ഡോ. ജോസ് എന്നിവരടങ്ങിയ കമീഷനാണ് വിദ്യാര്‍ഥികളുടെ പ്രസവാവധി സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിച്ചത്.
അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചുവടെ:
* ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിന് മാത്രമാണ് അവധി അനുവദിക്കുക.
* ഒരു കോഴ്സിന്റെ കാലയളവില്‍ ഒരുതവണ മാത്രമാണ് അവധി എടുക്കാന്‍ കഴിയുക.
*പ്രസവ അവധിക്കൊപ്പം മറ്റ് അവധികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
* പ്രസവ അവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നുദിവസം മുമ്പ് അപേക്ഷ നല്‍കണം.
* സെമസ്റ്ററിന് ഇടയില്‍ പ്രസവാവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.