മത്തായിക്കുഞ്ഞിന് ഇത് വ്യാപാരമല്ല...
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിലെ മലഞ്ചരക്ക് വ്യാപാരിയായ പുളിനാക്കുഴിയിൽ മത്തായിക്കുഞ്ഞിന് കുറെ ഹോബികളുണ്ട്. കച്ചവടത്തിരക്കിനിടയിലും സംതൃപ്തി കിട്ടുന്നത് വ്യത്യസ്തമായ ഇത്തരം നേരേമ്പാക്കുകളിലൂടെയാണെന്ന് ഇദ്ദേഹം പറയുന്നു.
വിവിധ രാജ്യങ്ങളിലെ പേനകൾ, വാച്ച്, കുപ്പികൾ, അപൂർവ സസ്യങ്ങൾ എന്നിവയുടെ വലിയശേഖരമാണ് കൂന്താണിയിലെ വീട്ടിലുള്ളത്. മനോഹരമായ കൈയക്ഷരങ്ങൾ മത്തായിക്കുഞ്ഞിന് മറക്കാനാവില്ല. സ്കൂളിൽ പഠിക്കുന്ന കാലംമുതൽ കൈയെഴുത്ത് കടലാസുകളെ സ്വന്തമാക്കുമായിരുന്നു. കൈയെഴുത്തിനോടുള്ള താൽപര്യം പേനയിലേക്ക് കടന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തിലേറെ പേനകൾ സ്വന്തമായുണ്ട്. മൗണ്ട് ബ്ലാങ്ക്, ഷിഫർ, ബ്ലാക്ക് ബേർഡ്, ക്രോസ്, ക്രസ്റ്റ്, ചാമ്പ്യൻ, സ്വാൻ, പൈലറ്റ്, പ്രസിഡൻറ്, പാർക്കർ, ഫിഫ്റ്റി വൺ എന്നിങ്ങനെ നീളുന്നു പേനകൾ. ജർമൻ നിർമിത മൗണ്ട് ബ്ലാങ്ക് പേനക്ക് 70, 000 രൂപയോളം വിലയുണ്ട്.
വാച്ച്ശേഖരത്തിൽ റോളക്സ്, ഒമേഗ, ടിസോർ, വെസ്റ്റേൺ തുടങ്ങി നൂറിലേറെ ഇനങ്ങളുണ്ട്. വിലയേറിയ വാച്ചുകളിൽ പലതും സുഹൃത്തുക്കൾ സമ്മാനമായി നൽകിയതാണ്. വാച്ചുപോലെ സമയനിഷ്ഠയും മത്തായിക്കുഞ്ഞിന് പ്രധാനപ്പെട്ടതാണ്.
വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിലെ സംസം പാർക്ക് സന്ദർശിക്കുന്നതിനിടയിൽ അവിടത്തെ അപൂർവയിനം വൃക്ഷങ്ങളോടനുബന്ധിച്ച് അത് നട്ടുവളർത്തിയ ആളുകളുടെ പേരും കല്ലിൽ എഴുതി വെച്ചിരിക്കുന്നത് കണ്ടു.
ഒരു നൂറ്റാണ്ടുമുമ്പ് ജീവിച്ചിരുന്നവർവരെ നട്ട മരങ്ങൾ അവിടെയുണ്ട്. അപൂർവ സസ്യങ്ങളുടെ തൈകൾ ശേഖരിച്ച് നട്ടുവളർത്താനുള്ള ശീലം അങ്ങനെയുണ്ടായതാണ്. ഇലഞ്ഞി, രക്തചന്ദനം, ആര്യവേപ്പ്, ഊദ്, രുദ്രാക്ഷം, കുന്തിരിക്കം, പൈൻ എന്നിവയൊക്കെ വീട്ടുവളപ്പിൽ വളരുന്നു.
നാലരപ്പതിറ്റാണ്ടു മുമ്പ് സുൽത്താൻ ബത്തേരി ടൗണിലെ സ്കൂളിൽ പഠിക്കുന്ന കാലത്ത് സിഗരറ്റ് പാക്കറ്റുകൾ പെറുക്കി സൂക്ഷിക്കുക എന്നതായിരുന്നു വിനോദം. പനാമ, ഫാഷിങ്പോ, ചാർമിനാർ, ബർക്കിലി, ബാർബിൾ എന്നിവയൊക്കെയാണ് പെറുക്കിക്കൂട്ടിയത്.
വളർന്നപ്പോൾ വിനോദങ്ങൾ കുറച്ചുകൂടി സീരിയസായി. വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റ് ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. ലീലയാണ് ഭാര്യ. മക്കൾ: സോണിയ (പുണെ), ബേസിൽ (ചെന്നൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.