മാതമംഗലത്തെ തൊഴിൽ തർക്കം ഒത്തുതീർപ്പായി; സി.ഐ.ടി.യു സമരം അവസാനിപ്പിക്കും
text_fieldsതിരുവനന്തപുരം: കണ്ണൂർ മാതമംഗലം എസ്. ആർ. അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തൊഴിൽ തർക്കം ലേബർ കമീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒത്തുതീർപ്പായി. സി.ഐ.ടി.യു നടത്തിവന്ന സമരം ധാരണയെ തുടർന്ന് അവസാനിപ്പിക്കും. സ്ഥാപനം ചൊവ്വാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
സ്ഥാപനത്തിലേക്ക് ലോറിയിൽ വരുന്ന എല്ലാ സാധനങ്ങളും പൂളിലുള്ള തൊഴിലാളികൾ ഇറക്കാൻ ഇരുകൂട്ടരും സമ്മതിച്ചു. സ്ഥാപനത്തിൽനിന്നുള്ള എല്ലാ സാധനവും സ്ഥാപനത്തിലെ 26 എ കാർഡുള്ള തൊഴിലാളികൾ കയറ്റും. സ്ഥാപനത്തിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചുനീക്കാനും ധാരണയായി. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും യൂനിയന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സി.ഐ.ടി.യു പ്രതിനിധികൾ അറിയിച്ചു.
ഊരുവിലക്കും ഉപരോധങ്ങളും നീക്കം ചെയ്യും. ലോഡിങ് ചാർജ് പ്രാദേശിക നിരക്ക് തന്നെയായിരിക്കും. തൊഴിൽതർക്കത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് മാതമംഗലം എസ്.ആർ അസോസിയേറ്റ് അടച്ചുപൂട്ടിയത്. ഏറെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വഴിമാറിയ തൊഴിൽസമരമായിരുന്നു മാതമംഗലത്തേത്. സമരം ഗൗരവസ്വഭാവത്തിലേക്ക് മാറിയതോടെ പ്രശ്നം സാധ്യമാകും വേഗത്തിൽ പരിഹരിക്കാൻ മന്ത്രി വി. ശിവൻകുട്ടി ലേബർ കമീഷണർ എസ്. ചിത്രയെ ചുമതലപ്പെടുത്തുകയായിരുന്നു.
സഹകരിച്ച മാനേജ്മെന്റിനോടും തൊഴിലാളി യൂനിയനോടും മന്ത്രി നന്ദി അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കാണിച്ച് സംസ്ഥാനത്തെ തൊഴിലന്തരീക്ഷം തകർന്നെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് തർക്ക പരിഹാരമെന്ന് മന്ത്രി പറഞ്ഞു. എസ്.ആർ അസോസിയേറ്റ് പ്രതിനിധികളായ റാബി മുഹമ്മദ് കുട്ടി, കെ.വി. നിഖിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ, ജില്ല ട്രഷറർ ധനീഷ് ചന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, ചുമട്ടുതൊഴിലാളി യൂനിയൻ കണ്ണൂർ ജില്ല സെക്രട്ടറി കെ.പി. രാജൻ, കെ.എം. ഷാജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.