വില്ലനായി കണക്ക്, എ പ്ലസ് 27217 പേർക്ക് മാത്രം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കുറവ് എ പ്ലസ് വിജയമുള്ളത് കണക്കിന്. 27217 പേർക്ക് മാത്രമാണ് കണക്കിന് എ പ്ലസ് സ്വന്തമാക്കാനായത്. കഴിഞ്ഞവർഷവും ഏറ്റവും കുറവ് പേർക്ക് എ പ്ലസ് കണക്കിനായിരുന്നെങ്കിലും 50997 പേർക്ക് എ പ്ലസ് ലഭിച്ചിരുന്നു. ഒരു വിഷയത്തിനൊഴിച്ച് മറ്റെല്ലാത്തിനും എ പ്ലസുള്ളവരായി 41827 പേരാണുള്ളത്. ഇവരിൽ കൂടുതൽ പേർക്കും കണക്കിനാണ് എ പ്ലസ് നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തൽ.
പരീക്ഷയെഴുതിയവരിൽ ഏറ്റവും കുറവ് പേർ ഉപരിപഠനയോഗ്യത നേടിയതും കണക്കിനാണ്. 455268 പേർ പരീക്ഷക്കിരുന്നതിൽ 442960 പേർക്കാണ് യോഗ്യത നേടാനായത് (97.29 ശതമാനം). സംസ്ഥാന ശരാശരിയിലും കണക്കിലാണ് വിദ്യാർഥികൾ പിറകിൽ നിൽക്കുന്നത്. 100ൽ 59.97 ശതമാനം മാർക്കാണ് കണക്കിലെ സംസ്ഥാന ശരാശരി. ചോദ്യപേപ്പറിൽ സമാനത കെണ്ടത്തിയതിനെ തുടർന്ന് മാർച്ച് 20ന് നടത്തിയ കണക്ക് പരീക്ഷ റദ്ദാക്കുകയും 30ന് വീണ്ടും നടത്തുകയുമായിരുന്നു.
കണക്ക് കഴിഞ്ഞാൽ എ പ്ലസിൽ വിദ്യാർഥികളെ കുഴക്കിയത് സോഷ്യൽ സയൻസാണ്. 84872 പേർക്കാണ് ഇൗ വിഷയത്തിൽ എ പ്ലസ് നേടാനായത്. അതേസമയം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സോഷ്യൽ സയൻസിൽ എ പ്ലസുകാരുടെ എണ്ണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം 56177 പേർക്കാണ് എ പ്ലസ് ലഭിച്ചത്.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സോഷ്യൽ സയൻസിന് നിശ്ചിത പാഠഭാഗങ്ങൾ മാത്രം പഠിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് കുട്ടികൾക്ക് ആശ്വാസമായത്. ഏറ്റവും കൂടുതൽ പേർക്ക് എ പ്ലസുള്ളത് ഒന്നാം ഭാഷ രണ്ടാം േപപ്പറിനാണ്, 274533 പേർക്ക്. ഒന്നാം ഭാഷ ഒന്നാം പേപ്പറിനാണ് എ പ്ലസ് മികവിൽ രണ്ടാം സ്ഥാനം, 220621.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പേർ എ പ്ലസ് സ്വന്തമാക്കിയിരുന്ന െഎ.ടി ഇക്കുറി മൂന്നാം സ്ഥാനത്താണ്, 196055. ഫിസിക്സ് -150042, ബയോളജി -144020, ഇംഗ്ലീഷ് -143520, ഹിന്ദി -139495, കെമിസ്ട്രി -93485 എന്നിങ്ങനെയാണ് മറ്റ് വിഷയങ്ങൾക്കുള്ള എ പ്ലസുകളുടെ എണ്ണം.അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഗുജറാത്തി, അഡീഷനൽ ഇംഗ്ലീഷ് ഫസ്റ്റ് പേപ്പർ, അഡീഷനൽ ഹിന്ദി ഫസ്റ്റ് പേപ്പർ, സ്പെഷൽ ഇംഗ്ലീഷ് സെക്കൻഡ് പേപ്പർ, തമിഴ് സെക്കൻഡ് പേപ്പർ, കന്നട സെക്കൻഡ് േപപ്പർ തുടങ്ങിയ വിഷയങ്ങളിൽ പരീക്ഷയെഴുതിയ 100 ശതമാനം പേരും വിജയിച്ചു. അറബിക്കിന് 82221ഉം സംസ്കൃതത്തിന് 21489ഉം ഉർദുവിന് 11393ഉം പേരാണ് പരീക്ഷയെഴുതിയിരുന്നത്.കണക്ക് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കുറവ് പേർ യോഗ്യത നേടിയത് സോഷ്യൽ സയൻസിനാണ്. 99.19 ശതമാനം. വിദ്യാർഥികളെ കുഴക്കിയതിൽ മൂന്നാം സ്ഥാനത്ത് കെമിസ്ട്രിയും, 99.2 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.