ഫെൻസിങ് ഇടാൻ പൈസ ഇല്ലാഞ്ഞിട്ടല്ല, ഇടില്ലാ എന്നത് സർക്കാറിന്‍റെ തീരുമാനമാണ് -മാത്യു കുഴൽനാടൻ
text_fieldsഇടുക്കി: കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. അധികൃതർ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മരിച്ചയാളുടെ ജീവൻ തിരിച്ചു കൊടുക്കാൻ സാധിക്കുമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫെൻസിങ് നിർമാണത്തിന് 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. എന്നാൽ, ഫെൻസിങ് നിർമിക്കാൻ സർക്കാർ അനുമതി നൽകിയില്ല. ഫെൻസിങ് ഇടാനുള്ള പൈസ ഇല്ലാഞ്ഞിട്ടല്ലെന്നും ഇടില്ലാ എന്നത് സർക്കാറിന്‍റെ തീരുമാനമാണെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.
സ്ഥലം എം.പി അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങൾ പോലും സർക്കാർ ചെയ്യുന്നില്ല. വനമേഖലയിൽ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
മനുഷ്യജീവൻ സംരക്ഷിക്കാൻ ശക്തമായ നിയമങ്ങൾ ഭരണഘടനയിലുണ്ട്, അതാണ് ലംഘിക്കപ്പെട്ടത്. ഇതിന്‍റെ കുറ്റവാളികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കാട്ടാന ആക്രമണം അടക്കമുള്ള സംഭവങ്ങൾ നിയമസഭയിൽ ഉന്നയിക്കുമ്പോൾ ലാഘവത്തോടെയാണ് സർക്കാർ പ്രതികരിച്ചതെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.