മാസപ്പടിയുടെ കാണാപ്പുറങ്ങൾ നാളെ വൈകീട്ട് വെളിപ്പെടുത്തുമെന്ന് മാത്യു കുഴൽനാടൻ
text_fieldsകൊച്ചി: മാസപ്പടിയുടെ കാണാപ്പുറങ്ങൾ നാളെ വൈകീട്ട് ആറ് മണിക്ക് വെളിപ്പെടുത്തുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഫേസ്ബുക് പോസ്റ്റിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. വെളിപ്പെടുത്തലിനെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ നേരത്തെ നിരവധി ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്.
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈകോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് കുഴൽനാടൻ പുതിയ വെളിപ്പെടുത്തലുമായി എത്തുന്നത്. രാഷ്ട്രീയ നേതാക്കൾ അടക്കം 12 പേർക്ക് നോട്ടീസ് അയക്കാനാണ് ഹൈകോടതി ഉത്തരവിട്ടത്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രിയുടെ മകൾക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സി.പി.എമ്മിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.