ദുർഭൂതം എന്ന് കേട്ടപ്പോൾ തങ്ങളുടെ നേതാവാണെന്ന് മനസ്സിലാക്കി ചാടിയിറങ്ങിയ സഖാക്കന്മാരുടെ ആത്മാർത്ഥതയെ നമിക്കുന്നു -മാത്യു കുഴൽനാടൻ
text_fieldsതിരുവനന്തപുരം: മൂന്നാമതും ദുർഭൂതം വരുന്നു എന്ന് പറഞ്ഞ് വിവാദത്തിലായ കെ.സി. വേണുഗോപാലിന് പിന്തുണച്ച് മാത്യു കുഴൽനാടൻ രംഗത്ത്. കെ.സി. വേണുഗോപാലിനെ സൈബറിടങ്ങളിൽ വളഞ്ഞിട്ട് ആക്രമിച്ച് ഇല്ലായ്മ ചെയ്യാമെന്നത് സി.പി.എമ്മിന്‍റെ വ്യാമോഹം മാത്രമാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു.
ദുർഭൂതം എന്ന് കേട്ടപ്പോൾതന്നെ തങ്ങളുടെ നേതാവാണെന്ന് മനസ്സിലാക്കി ചാടി ഇറങ്ങിയ സഖാക്കന്മാരുടെ ആത്മാർത്ഥതയെ നമിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
മാത്യു കുഴൽനാടന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
പിണറായി വിജയനെയോ സിപിഎമ്മിനെയോ വിമർശിച്ചാൽ അവരെ സൈബർ ആക്രമണം നടത്തി തീർക്കാം എന്നത് സഖാക്കളുടെ വ്യാമോഹമാണ്.
കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസംഗം പിണറായി വിജയന്റേതു പോലെ രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്നത് ആയിരുന്നില്ല. എന്നിരുന്നാലും കെ സി വേണുഗോപാലിനെ സൈബർ ഇടങ്ങളിൽ വളഞ്ഞിട്ട് ആക്രമിച്ച് ഇല്ലായ്മ ചെയ്യാമെന്നത് നിങ്ങളുടെ വ്യാമോഹമാണ്.
ദുർഭൂതം എന്ന് കേട്ടപ്പോൾതന്നെ തങ്ങളുടെ നേതാവാണെന്ന് മനസ്സിലാക്കി ചാടി ഇറങ്ങിയ സഖാക്കന്മാരുടെ ആത്മാർത്ഥതയെ ഞാൻ നമിക്കുന്നു..
പക്ഷേ ഇതുകൊണ്ടൊന്നും കെ സി വേണുഗോപാലിന്റെ നിഴലിനെ പോലും ഭയപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല, അദ്ദേഹം രാഷ്ട്രീയത്തിന്റെ തീച്ചൂളയിലൂടെ നടന്നുവന്ന നേതാവാണ് എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു...
കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നേരത്തെ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട ഒരു പഴയ സഹപ്രവർത്തനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയെ വാഴ്ത്താൻ ശ്രീ കെ.സി വേണുഗോപാൽ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
ജനങ്ങൾ ഹൃദയാംഗീകാരം നൽകിയിട്ടുള്ള ഒരു പൊതുപ്രവർത്തകനെ 'പരനാറി' എന്നാവർത്തിച്ച് വിളിച്ചാക്ഷേപിച്ചിട്ടുള്ള, ഒരു വൈദികനെ 'നികൃഷ്ട ജീവി' ആയി ചിത്രീകരിച്ചിട്ടുള്ള, ഒരു മാധ്യമ പ്രവർത്തകനെ 'എടോ ഗോപാലകൃഷ്ണാ' എന്നാക്രോശിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിട്ടുള്ള, 52 വെട്ടി ടി.പിയെ കൊന്നു തള്ളിയ ശേഷവും 'കുലം കുത്തി' പ്രയോഗം നടത്തി അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാൻ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി വേണുഗോപാൽ 'ദൈവം തമ്പുരാൻ' എന്ന് വിളിക്കണമായിരിക്കുമെന്നാണ് ഷാഫി പറമ്പിൽ വിമർശിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.