ചോദ്യം ചെയ്യപ്പെടുമ്പോൾ ഇറങ്ങുന്ന കാപ്സ്യൂൾ മാത്രമാണ് ധനകാര്യ വകുപ്പ് ഇറക്കിയ കത്ത് -മാത്യു കുഴൽനാടൻ
text_fieldsതിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മറുപടിയുമായി മാത്യു കുഴൽനാടൻ. കൊള്ള ചോദ്യം ചെയ്യപെടുമ്പോൾ ഇറങ്ങുന്ന കാപ്സ്യൂൾ മാത്രമാണ് ധനകാര്യ വകുപ്പ് ഇറക്കിയ കത്തെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ മാസപ്പടി വാങ്ങിയെന്നതാണ് മുഖ്യവിഷയം. ചോദിച്ച കാര്യത്തിനല്ല ജി.എസ്.ടി വകുപ്പ് മറുപടി നൽകിയതെന്നും മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
2017 ജനുവരി ഒന്നു മുതൽ വീണ വിജയൻ പണം കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ, 2018 ജനുവരി ഒന്നിനാണ് ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിരിക്കുന്നത്. ജി.എസ്.ടി രജിസ്ട്രേഷനില്ലാതെ നികുതി അടയ്ക്കാൻ പറ്റുമോ? വീണാ വിജയന് മാത്രമായി ജി.എസ്.ടി എടുക്കുന്നതിനു മുൻപ് നികുതി അടയ്‌ക്കാൻ സംവിധാനമുണ്ടായിരുന്നോ എന്ന് ധനമന്ത്രി വ്യക്തമാക്കണം.
ധന വകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ മാപ്പ് പറയണമെന്നാണ് എ.കെ. ബാലൻ ആവശ്യപെടുന്നത്. എ.കെ. ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് കിട്ടിയിട്ടില്ല. എന്റെ ഓഫീസിൽ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത് -അദ്ദേഹം പറഞ്ഞു.
വീണ വിജയന്റെ കമ്പനി സി.എം.ആർ.എല്ലിൽ നിന്നും കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം ധനവകുപ്പിന്റെ വിശദീകരണം. മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്.
വീണ വിജയന്റെ എക്സാലോജിക് കമ്പനിയാണ് പണം കൈപ്പറ്റിയത്. ഈ തുകക്കുള്ള ഐ.ജി.എസ്.ടി കമ്പനി അടച്ചുവെന്ന വിശദീകരണമാണ് ജി.എസ്.ടി കമീഷണർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ധനവകുപ്പ് നൽകിയിരിക്കുന്നത്. തുടർന്ന്, ആരോപണമുന്നയിച്ച മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.