'നിങ്ങൾ ഡൽഹിയിൽ ഉന്നതപദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിട്ട് വരാം..നിങ്ങൾ ഇ.ഡിയെ കൈകാര്യം ചെയ്യ് ഞാൻ തൃശൂർ ശരിയാക്കാം'; മുഖ്യമന്ത്രിയെ പരിഹസിച്ച് മാത്യൂ കുഴൽനാടൻ
text_fieldsചേലക്കര: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വീണ്ടും കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ എം.എൽ.എ. കൺവിൻസിങ് സ്റ്റാർ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിലാണ് പോസ്റ്റിട്ടത്. കെ.രാധാകൃഷ്ണൻ എം.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി കൈ നൽകുന്ന ഫോട്ടോ ഉൾപ്പെട്ട പോസ്റ്ററാണ് പങ്കുവെച്ചത്.
അതിൽ കെ.രാധാകൃഷ്ണന് താഴെ 'നിങ്ങൾ ഡൽഹിയിൽ പോയി ഉന്നതപദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രി ആക്കിയിട്ട് വരാം എന്നും, പ്രധാനമന്ത്രിക്ക് താഴെ 'നിങ്ങൾ ഇ.ഡിയെ കൈകാര്യം ചെയ്യ് ഞാൻ തൃശൂർ ശരിയാക്കിയിട്ട് വരാം' എന്നുമാണ് പോസ്റ്ററിൽ പങ്കുവെച്ചത്.
കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാതിരിക്കാനാണ് മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പാർലമന്റെിലേക്ക് അയച്ചതെന്ന് മാത്യു കുഴൽ നാടൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനത്ത് നിന്നും മാറിയതോടുകൂടി ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗങ്ങൾക്ക് കേരളത്തിൽ രാഷ്ട്രീയ അധികാരം ഇല്ലാതെയായെന്നുമുള്ള ആരോപണം ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കുഴൽ നാടൻ ആരോപിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ പോസ്റ്റർ.
മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണെന്ന് പരോക്ഷമായി പറയുകയാണ് പോസ്റ്ററിൽ.
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഇ.ഡി അന്വേഷണം നീളാതിരിക്കാൻ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയെന്ന് പറയുകയാണ് മറ്റൊന്ന്. തൃശൂർ ബി.ജെ.പിക്ക് നൽകിയാണ് ഡീലുറപ്പിച്ചതെന്ന ഏറെ കുറേ പ്രത്യക്ഷമായി തന്നെ പോസ്റ്ററിലൂടെ ആക്ഷേപിക്കുകയാണ് കുഴൽ നാടൻ. മാസപ്പടി വിവാദം തൊട്ട് വീണ വിജയനെതിരെ തുടർച്ചയായി ആരോപണവുമായി രംഗത്തുവന്നയാളാണ് കോൺഗ്രസ് എം.എൽ.എയായ മാത്യൂ കുഴൽനാടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.