മാത്യു ടി. തോമസിനെ മാറ്റി; കെ. കൃഷ്ണൻ കുട്ടി മന്ത്രി
text_fieldsബംഗളൂരു: ജലവിഭവമന്ത്രി മാത്യു ടി. തോമസിനെ തൽസ്ഥാനത്തുനിന്ന് നീക്കി പകരം ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻ കുട്ടിയെ നിശ്ചയിച്ചതായി ജനതാദൾ-എസ് ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി അറിയിച്ചു. ജെ.ഡി.എസ് കേരള അധ്യക്ഷൻ കൂടിയായ കെ. കൃഷ്ണൻകുട്ടിയും സി.കെ. നാണു എം.എൽ.എയും ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായും ഡാനിഷ് അലിയുമായും വെള്ളിയാഴ്ച ബംഗളൂരുവിലെ ദേവഗൗഡയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ബംഗളൂരു കുമാരകൃപ ഗസ്റ്റ് ഹൗസിൽ വൈകീട്ട് ഡാനിഷ് അലി നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയെ മാറ്റുന്ന കാര്യം പ്രഖ്യാപിച്ചത്.
2016ൽ ഇടതുമുന്നണി സർക്കാർ അധികാരമേൽക്കുേമ്പാൾ മന്ത്രിപദവി കൈമാറുമെന്ന പാർട്ടിയിലെ ധാരണപ്രകാരമാണ് ഇൗ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് ദേശീയ നേതൃത്വമാണ് ഇൗ ധാരണ മുന്നോട്ടുവെച്ചത്. മന്ത്രിമാറ്റം സംബന്ധിച്ച് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനുമായി സംസാരിച്ചിട്ടുണ്ട്. വകുപ്പിൽ മാറ്റമുണ്ടാകില്ല. മന്ത്രി മാത്യു ടി. തോമസുമായി സംസാരിച്ചതായും ചില തിരക്കുകളുള്ളതിനാൽ ബംഗളൂരുവിലെ കൂടിക്കാഴ്ചയിൽ പെങ്കടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചതായും ഡാനിഷ് അലി പറഞ്ഞു.കഴിഞ്ഞ രണ്ടര വർഷം മാത്യു ടി. തോമസ് മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. പാർട്ടി തീരുമാനം സന്തോഷത്തോടെ അനുസരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ പാർട്ടിയിൽ ഭിന്നതയില്ല. മാത്യു ടി. തോമസിനും കൃഷ്ണൻകുട്ടിക്കുമെതിരായി ഒരു ആരോപണവും തെൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2009ലെ മന്ത്രിസഭയിൽ കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ആദ്യ രണ്ടര വർഷം മന്ത്രിയാവാൻ മാത്യു ടി. തോമസിന് മുൻഗണന നൽകുകയായിരുന്നു. കർഷക പോരാളിയായ മുതിർന്ന നേതാവാണ് കെ. കൃഷ്ണൻകുട്ടി. ജനതാപാർട്ടിയിലും ജനതാദളിലും മിക്ക നേതാക്കളും മന്ത്രിയായപ്പോഴും അേദ്ദഹത്തിന് അവസരം ലഭിച്ചിരുന്നില്ല. നിർഭാഗ്യവശാൽ അദ്ദേഹം വിജയിച്ചപ്പോഴൊക്കെ എൽ.ഡി.എഫ് പ്രതിപക്ഷത്തായിരുന്നു. മനുഷ്യത്വപരമായ കാരണങ്ങൾകൂടി പരിഗണിച്ചാണ് ദേശീയ നേതൃത്വത്തിെൻറ തീരുമാനം -അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ രൂപവത്കരണ സമയത്തുതന്നെ മന്ത്രിപദം പങ്കിടുന്നത് സംബന്ധിച്ച് പാർട്ടിയിൽ കരാറുണ്ടായിരുന്നു എന്നു പറയുേമ്പാഴും ഇപ്പോൾ വീണ്ടും തീരുമാനം വേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ഇതാണ് പാർട്ടി തീരുമാനമെന്നും അതിെൻറ വിശദാംശങ്ങൾ പറയാനാവില്ലെന്നും പറഞ്ഞ് ഡാനിഷ് അലി ഒഴിഞ്ഞുമാറി. ബംഗളൂരുവിൽനിന്ന് വെള്ളിയാഴ്ച രാത്രി കോഴിക്കോേട്ടക്ക് മടങ്ങിയ കെ. കൃഷ്ണൻകുട്ടി പാർട്ടി തീരുമാനം സംബന്ധിച്ച് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകും.
മന്ത്രി പ്രഖ്യാപനത്തിനായി ഒരു ദിവസത്തെ കാത്തിരിപ്പ്
ബംഗളൂരു: മന്ത്രി മാത്യു ടി. തോമസിനെ മാറ്റി പകരം കെ. കൃഷ്ണൻകുട്ടിയെ തൽസ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനം ജനതാദൾ -എസ് നേതൃത്വം നേരത്തേ കൈക്കൊണ്ടിരുന്നെങ്കിലും പ്രഖ്യാപനത്തിനായി കൃഷ്ണൻകുട്ടി ബംഗളൂരുവിൽ കാത്തിരുന്നത് ഒരു ദിവസം. വ്യാഴാഴ്ച ഉച്ചയോടെയാണ് ചർച്ചക്കായി എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ബംഗളൂരുവിലെത്തിയത്. മാത്യു ടി. തോമസിനെയും വിളിപ്പിച്ചിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്ന് സൂചിപ്പിച്ച് അദ്ദേഹം ഒഴിഞ്ഞുമാറി. ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ രാത്രി എട്ടിനായിരുന്നു കൂടിക്കാഴ്ചക്ക് സമയം നൽകിയിരുന്നത്.
വ്യാഴാഴ്ച ബെള്ളാരിയിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷ റാലിയിൽ പെങ്കടുത്ത ദേവഗൗഡ കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10.30ന് ആവാമെന്ന് അറിയിച്ചു. ബംഗളൂരു പത്മനാഭ നഗറിലെ ഗൗഡയുടെ വസതിയിൽ പൂജകളും മറ്റും കഴിഞ്ഞ് ദേവഗൗഡ കൃഷ്ണൻ കുട്ടിയെയും സി.കെ. നാണുവിനെയും വിളിച്ചപ്പോഴേക്കും നേരം ഉച്ച 12.30. എന്നാൽ, ഇതിനുമുേമ്പ ജെ.ഡി.എസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി ദേവഗൗഡയുമായി ചർച്ച ചെയ്ത് കൃഷ്ണൻ കുട്ടിയുടെ മന്ത്രിപദവി സംബന്ധിച്ച തീരുമാനം ഉറപ്പാക്കിയിരുന്നു. ഇരുവരും തമ്മിലെ ചർച്ച രണ്ടുമണിക്കൂറോളം നീണ്ടു. കഴിഞ്ഞമാസം കൃഷ്ണൻ കുട്ടി ബംഗളൂരുവിലെത്തിയിരുന്നെങ്കിലും ദേവഗൗഡയെ കാണാൻ കഴിഞ്ഞിരുന്നില്ല.
മാത്യു ടി. തോമസിനെ മാറ്റുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനവും പാർട്ടി വളർത്താൻ ശ്രമിക്കുന്നില്ല എന്നതടക്കം അദ്ദേഹത്തിനെതിരായ ആരോപണങ്ങളും അടങ്ങുന്ന കത്താണ് അന്ന് ജെ.ഡി.എസ് നേതൃത്വത്തിന് കൈമാറിയത്. ഇതേ തുടർന്ന് മാത്യു ടി. തോമസിനെയും ഉൾപ്പെടുത്തി ചർച്ച ചെയ്യാമെന്നായിരുന്നു ദേവഗൗഡയുടെ മറുപടി. വ്യാഴാഴ്ച കൂടിക്കാഴ്ചക്കായി മാത്യു ടി. തോമസ് എത്താതിരുന്നതും കേരള ഘടകത്തിൽ കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിെൻറ മേൽക്കോയ്മയും പാർട്ടി പരിഗണിച്ചു. ഗൗഡയും ഡാനിഷ് അലിയും തമ്മിലെ ചർച്ച കഴിഞ്ഞപ്പോഴേക്കും ആശങ്കയുടെ കാർമേഘം പൂർണമായും നീങ്ങി. പിന്നീട് കൃഷ്ണൻ കുട്ടിയും സി.കെ. നാണുവും 40 മിനിറ്റോളം ഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും പുറത്തുവന്നത് നിറചിരിയോടെ. മന്ത്രിപദവി കൈമാറുന്നതു സംബന്ധിച്ച പാർട്ടിയിലെ ധാരണ ദേശീയ നേതൃത്വം അംഗീകരിച്ചുവെന്നും തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സി.െക. നാണു വ്യക്തമാക്കിയതോടെ മന്ത്രിമാറ്റം ഉറപ്പായി.
വൈകീട്ട് മൂന്നരയോടെ കുമാരകൃപ ഗസ്റ്റ് ഹൗസിൽ ഡാനിഷ് അലി വാർത്താസമ്മേളനത്തിൽ മന്ത്രിമാറ്റം പ്രഖ്യാപിച്ചു. മന്ത്രിമാറ്റം കേരള ഘടകത്തിലുണ്ടാക്കുന്ന കോലാഹലങ്ങളൊക്കെ മാധ്യമസൃഷ്ടിയാണെന്ന് തലയൂരി. വാർത്താസമ്മേളനം കഴിഞ്ഞപ്പോഴേക്കും ഗസ്റ്റ് ഹൗസിലെത്തിയ കൃഷ്ണൻ കുട്ടിയും സി.കെ. നാണുവും ഒരിക്കൽകൂടി ഡാനിഷ് അലിയെ കണ്ട് നന്ദി അറിയിച്ചു. ഡാനിഷ് അലിയോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്ന കൃഷ്ണൻ കുട്ടിയുടെ വാക്കുകളിൽത്തന്നെയുണ്ടായിരുന്നു ജെ.ഡി.എസിലെ അന്തർ നാടകത്തിെൻറ അനുരണനങ്ങൾ.
സന്തോഷം, ദേശീയ നേതൃത്വത്തിന് നന്ദി -കെ. കൃഷ്ണൻകുട്ടി
ബംഗളൂരു: മന്ത്രിയായി നിശ്ചയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പാർട്ടി ദേശീയ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും നിയുക്ത മന്ത്രി കെ. കൃഷ്ണൻ കുട്ടി. മന്ത്രി മാറ്റം സംബന്ധിച്ച് ജനതാദൾ-എസ് ദേശീയ നേതൃത്വത്തിെൻറ തീരുമാനശേഷം ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻ ചുമതലയേൽക്കാൻ ദേശീയ അധ്യക്ഷൻ ദേവഗൗഡ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ടശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. മന്ത്രിസ്ഥാനമേൽക്കുന്ന എനിക്ക് എല്ലാവരുടെയും ഉപദേശവും സഹായവും വേണം. ഞാനൊരു സാധാരണ കർഷകനാണ്. ജനങ്ങളുടെ വേദനയും വിഷമവും എന്താണെന്ന് ശരിക്കറിയാം. അതു പരിഹരിക്കാനുള്ള ആത്മാർഥമായ നടപടികളാണ് മന്ത്രിയെന്ന നിലയിൽ കൈക്കൊള്ളുക. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയുമെല്ലാം ഉപദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോവും.
മാത്യു ടി. തോമസ് തെൻറ നല്ല സുഹൃത്താണ്. തീരുമാനം ഏകപക്ഷീയമല്ല. നേരത്തേയുള്ള തീരുമാനം നടപ്പാക്കിയെന്നേയുള്ളൂ. അതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടാവുമെന്ന് കരുതുന്നില്ല. അദ്ദേഹത്തെ താൻ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണം തെറ്റാണ്. രാഷ്ട്രീയപരമായിട്ട് ഉണ്ടാവാം. പാർട്ടിയിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതൊക്കെ തീരും. മാത്യു ടി. തോമസിെൻറ എല്ലാ സഹകരണവും ഉപദേശവും ആവശ്യപ്പെടും. പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായഭിന്നതകളുണ്ടെങ്കിൽ അത് പരിഹരിക്കാൻ ശേഷിയുള്ള ദേശീയ നേതൃത്വമാണ് ജെ.ഡി.എസിേൻറത്. സംഘടനാതലത്തിൽ മാറ്റം സംബന്ധിച്ച് പിന്നീട് ആലോചിക്കും. ദേശീയതലത്തിൽ ബി.ജെ.പി ഭരണത്തിൽ കാർഷികമേഖലയും ചെറുകിട മേഖലയുമെല്ലാം തകർന്നിരിക്കുകയാണ്. ഇതിനെതിരായുള്ളവരുടെ യോജിപ്പുണ്ടാവണമെന്നും അതിനുവേണ്ടിയുള്ള മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.