അജയ്യനായി മാത്യു ടി. തോമസ്
text_fieldsതിരുവല്ല: തിളക്കമാർന്ന നാലാം ജയവുമായി തിരുവല്ലയെ നയിക്കാൻ മാത്യു ടി.തോമസ്. തികച്ചും ആധികാരികമായ ജയമാണ് തിരുവല്ലയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച മാത്യു ടി.തോമസ് ഇക്കുറി വിജയം നേടിയത്. യു.ഡി.എഫിലെ കുഞ്ഞുകോശി പോളിനെ 11,421 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1,39,848 വോട്ടുകളില്‍ 62,178 എണ്ണം നേടി.
യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിന് 50,757 വോട്ടുകൾ ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി അശോകൻ കുളനട 22674ൽ ഒതുങ്ങി. കുറ്റപ്പുഴ മാര്‍ത്തോമ െറസിഡൻഷ്യൽ സ്കൂളിൽ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാത്യു ടി.തോമസിനായിരുന്നു മേല്‍ക്കൈ. എന്നാല്‍, ഇടക്ക് മൂന്നുതവണ കേരള കോണ്‍ഗ്രസിലെ കുഞ്ഞുകോശി പോൾ ലീഡ് നിലയിൽ മുന്നിലെത്തി. ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് നേരിയ ലീഡ് നേടിയത്. എന്നാൽ, തിരുവല്ല നഗരസഭയിലും മറ്റു പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയ മാത്യു ടി.തോമസിനായിരുന്നു അന്തിമവിജയം. മാത്യു ടി.തോമസിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് നെടുമ്പ്രം പഞ്ചായത്തിലാണ്. ഇവിടെ 2280 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.
2006 മുതൽ തുടർച്ചയായി തിരുവല്ല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാത്യു ടി.തോമസ് 1987ലാണ് മണ്ഡലത്തിൽനിന്ന് ആദ്യമായി വിജയിച്ചത്. ആ വിജയം കൂടി കണക്കിലെടുത്താല്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍നിന്ന് അഞ്ചാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. 1987ല്‍ കോൺഗ്രസിലെ പി.സി. തോമസിനെ 1842 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്പിച്ചാണ് മാത്യു ടി.തോമസ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്.
ഇതേതുടര്‍ന്ന് 1991ല്‍ വീണ്ടും മത്സരിച്ചെങ്കിലും കേരള കോണ്‍ഗ്രസി എമ്മിലെ മാമ്മന്‍ മത്തായിയോട് 1893 വോട്ടുകൾക്ക് പരാജയപ്പെട്ടു. വീണ്ടും 2006ലാണ് മത്സരിച്ചത്. അന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ വിക്ടര്‍ ടി. തോമസിനെ പരാജയപ്പെടുത്തി വീണ്ടും എം.എല്‍.എയായി. തുടര്‍ന്ന് രണ്ടര വർഷക്കാലം വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ഗതാഗത -പ്രിൻറിങ് സ്റ്റേഷനറി മന്ത്രിയായി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചെവച്ചു.
2011ല്‍ മാത്യു ടി.വീണ്ടും വിക്ടര്‍ ടി.തോമസിനെ പരാജയപ്പെടുത്തി. ഭൂരിപക്ഷം 10,467ആയി ഉയര്‍ന്നു. 2016ൽ കേരള കോൺഗ്രസിലെ ജോസഫ് എം.പുതുശ്ശേരിയെയാണ് പരാജയപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരത്തിനിടയിൽ ഭൂരിപക്ഷം 8282 ആയി കുറഞ്ഞെങ്കിലും 2016ൽ ഹാട്രിക് തികച്ച് പിണറായി വിജയൻ മന്ത്രിസഭയിൽ രണ്ടര കൊല്ലം ജലവിഭവ മന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.