മാത്യു തോമസ് അങ്കമാലി നഗരസഭ ചെയർമാൻ
text_fieldsഅങ്കമാലി: നഗരസഭ ചെയർമാനായി കോൺഗ്രസിലെ മുതിർന്ന അംഗം മാത്യു തോമസ് തെരഞ്ഞെടുക്കപ്പെട്ടു. മാത്യു തോമസിന് 17 വോട്ടും, എൽ.ഡി.എഫ് സ്ഥാനാർഥി ടി.വൈ. ഏല്യാസിന് ഒൻപത് വോട്ടുമാണ് ലഭിച്ചത്. 30 അംഗ കൗൺസിലിൽ 28 പേരാണ് പങ്കെടുത്തത്. സി.പി.എം അംഗം ലേഖ മധു വൈകിയെത്തിയതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. സ്വതന്ത്ര അംഗം വിൽസൺ മുണ്ടാടൻ ഹാജറായില്ല. വോട്ടെടുപ്പിൽ പങ്കെടുത്ത രണ്ട് എൻ.ഡി.എ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കോൺഗ്രസിലെ മുൻ ധാരണപ്രകാരം റെജി മാത്യു രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കോൺഗ്രസിലെ 17 അംഗങ്ങൾക്കും മാത്യു തോമസിന് വോട്ടു ചെയ്യാൻ വിപ്പ് നൽകിയിരുന്നു. നഗരസഭയുടെ 30 അംഗ കൗൺസിലിൽ യു.ഡി.എഫ് -17, എൽ.ഡി.എഫ്-10, എൻ.ഡി.എ -രണ്ട്, സ്വതന്ത്രൻ - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരായി മത്സരിച്ച് വിജയിച്ച രണ്ടംഗങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് സീറ്റ് നില 17 ആയത്. ചെത്തിക്കോട് 14ാം വാർഡിനെ പ്രതിനിധീകരിക്കുന്ന മാത്യു തോമസ് നിലവിൽ അങ്കമാലി കോഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റി പ്രസിഡന്‍റാണ്. രണ്ട് വർഷമാണ് മാത്യു തോമസിനും ചെയർമാൻ സ്ഥാനം അനുവദിച്ചിട്ടുള്ളത്. അവസാന ഒരു വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മുൻ നഗരസഭ ചെയർമാനുമായ സമാജം 16ാം വാർഡിനെ പ്രതിനിധീകരിക്കുന്ന ഷിയോ പോളിനായിരിക്കും നൽകുക.
അങ്കമാലി നഗരസഭയിൽ കാലുമാറ്റത്തിലൂടെ ഭരണം കൈവിട്ടുപോയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിനാൽ ശനിയാഴ്ച നടന്ന ചെയർമാൻ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ജില്ല ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ട്രീസ തോമസായിരുന്നു വരണാധികാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.