മാതൃഭൂമി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
text_fieldsകോഴിക്കോട്: രാജ്യവികസന കാര്യത്തിൽ മാധ്യമങ്ങൾ പോസിറ്റിവ് സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭൂമി ദിനപത്രം ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ പദ്ധതികളുടെ വിജയത്തിന് മാധ്യമങ്ങളുടെ പങ്ക് വലുതാണ്. യോഗ, ഫിറ്റ്നസ്, ബേട്ടി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികള്‍ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ഇക്കാര്യത്തിലുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. കോവിഡ് മഹാമാരിയെ ഇന്ത്യക്ക് അതിജയിക്കാനാകില്ലെന്ന് പലരും കരുതി. എന്നാൽ, മറ്റു രാജ്യങ്ങൾ പകച്ചുനിന്നപ്പോൾ ഇന്ത്യൻ ജനത കോവിഡിനെ ധീരമായി അതിജയിച്ചു.
രാജ്യത്തെ ആരോഗ്യമേഖല ശക്തിപ്പെട്ടതിന്റെ ഫലമാണത്. ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനും സാധിച്ചു. സാങ്കേതിക മേഖലയിലും വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് രാജ്യം. എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ മാതൃഭൂമി വഹിച്ച പങ്ക് മഹത്തരമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖ പ്രസംഗം നിർവഹിച്ചു.
ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ടി. വാസുദേവൻ നായർ ശതാബ്ദി ഫലകം അനാച്ഛാദനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ഡോ. ബീന ഫിലിപ്, എം.പിമാരായ എം.കെ. രാഘവൻ, എളമരം കരീം, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവൻ എന്നിവർ സംസാരിച്ചു.
മാതൃഭൂമി ജോ. മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡിജിറ്റൽ ബിസിനസ് ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ നന്ദിയും പറഞ്ഞു. നേരത്തെ, ടി. പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, എം. മുകുന്ദൻ, സച്ചിതാനന്ദൻ, സക്കറിയ, എൻ.എസ്. മാധവൻ, പി. വത്സല, വി. മധുസൂദനൻ നായർ, സത്യൻ അന്തിക്കാട്, പ്രഭാവർമ എന്നിവർ ശതാബ്ദി ദീപം കൊളുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.