മേട്രൻ ജ്യോത്സനയുടെ മരണത്തിൽ ദുരൂഹതയെന്ന്; ഉന്നത ഉദ്യോഗസ്ഥതല പീഡനമെന്ന് പരാതി
text_fieldsപാപ്പിനിശ്ശേരി: കണ്ണൂർ ഗവ. വൃദ്ധസദനം മേട്രൻ പാപ്പിനിശ്ശേരി പമ്പാല സ്വദേശിനി പി. ജ്യോത്സന (47) ജീവനൊടുക്കിയതിൽ ദുരൂഹത. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. സാമൂഹികനീതി വകുപ്പ് സംസ്ഥാന ഡയറക്ടർ ജ്യോത്സനയെ ഒക്ടോബർ എട്ടിനാണ് സസ്പെൻഡ് ചെയ്തത്.
കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത നടപടിയെന്നും ഇക്കാരണത്താൽ ജ്യോത്സന കടുത്ത മാനസിക പീഡനത്തിനിരയായതായും കുടുംബം ആരോപിച്ചു. ഇതുസംബന്ധിച്ച് കണ്ണൂർ ജില്ല പൊലീസ് മേധാവിക്കും വളപട്ടണം പൊലീസിലും സാമൂഹികനീതി മന്ത്രിക്കും പരാതി നൽകി.
വൃദ്ധസദനത്തിലെ അവശതയിലായ ഒരു അന്തേവാസിയെ പരിചരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സസ്പെൻഷൻ. ഈ കാര്യത്തിൽ അന്തേവാസിക്ക് ഒരു പരാതിയും പരിഭവവും ഇല്ലായിരുന്നു. എന്നാൽ, മേട്രൻ ജ്യോത്സന ഒരാഴ്ച അവധിയിൽ പ്രവേശിച്ച സമയത്ത് സാമൂഹിക നീതി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥെൻറ പ്രേരണയിൽ പരാതി നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ.
സർവിസിൽനിന്നും സസ്പെൻഡ് ചെയ്ത ദിവസം മുതൽ ഭാര്യ മാനസികമായി വളരെ സമ്മർദത്തിലായിരുന്നതായും ഭർത്താവ് പി.പി. മുരളീധരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാര്യയുടെ മരണത്തിന് ഉത്തരവാദിയായ സാമൂഹിക നീതി വകുപ്പ് ജില്ല മേധാവിയുടെ പേരിലും പരാതി കൊടുത്ത വൃദ്ധസദനത്തിലെ ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.എസ്.ആർ ചട്ടമനുസരിച്ച് ആരോപണ വിധേയയായ ഉദ്യോഗസ്ഥക്ക് മറുപടി നൽകാൻ പോലും സമയം നൽകാതെ സസ്പെൻഡ് ചെയ്തത് സർവിസ് ചട്ട ലംഘനമാണെന്നും പരാതിയിൽ കാണിച്ചിട്ടുണ്ട്.
ഭർത്താവിെൻറ പരാതിയിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി വളപട്ടണം പൊലീസ് അറിയിച്ചു. നാറാത്തെ പരേതനായ പണ്ടാരപുരയിൽ നാരായണെൻറയും കമലയുടെയും മകളാണ് ജ്യോത്സന. മക്കൾ: അർജുൻ, അമല.സഹോദരങ്ങൾ: പുഷ്പജൻ, ലത, സീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.