‘അന്തിപ്പച്ച’ പച്ചപിടിപ്പിക്കാൻ മത്സ്യഫെഡ്; വിപണനം വിപുലമാക്കും
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മത്സ്യങ്ങൾ വിപണിയിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് കേരളതീരത്തുനിന്നുള്ള ഫ്രഷ് മത്സ്യം സുലഭമായി എത്തിക്കാനൊരുങ്ങി മത്സ്യഫെഡ്. ഇതിന്റെ ഭാഗമായി വാഹനങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ എത്തി മത്സ്യവിൽപന നടത്തുന്ന ‘അന്തിപ്പച്ച’ പദ്ധതി വിപുലമാക്കാൻ നടപടിയായി. നിലവിൽ ഇരുപതിൽ താഴെ വാഹനങ്ങളിലാണ് വിപണനം.
‘അന്തിപ്പച്ച’ ശക്തിപ്പെടുത്താൻ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ‘അന്തിപ്പച്ച’യുടെ സാന്നിധ്യം എത്തിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വാങ്ങാൻ എം.എൽ.എമാരുടെ സഹായവും തേടുന്നുണ്ട്. എം.എൽ.എ ഫണ്ട് പ്രയോജനപ്പെടുത്താനും മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിപണനം നടത്താനുമാണ് ലക്ഷ്യം. മത്സ്യഫെഡിന്റെ പദ്ധതിയോട് മിക്ക എം.എൽ.എമാർക്കും അനുകൂല നിലപാടാണ്.
മത്സ്യവിപണനത്തിന് അനുയോജ്യമായ കൂടുതൽ വാഹനം ലഭ്യമാക്കാനായാൽ ജീവനക്കാരെ നിയോഗിക്കുന്നതടക്കമുള്ള തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് മത്സ്യഫെഡ്. വൈകീട്ട് മത്സ്യം എത്തിക്കുന്ന ‘അന്തിപ്പച്ച’ ഇനി രാവിലെതന്നെ വിപണനസജ്ജമാക്കാനുള്ള ക്രമീകരണവും നടക്കുന്നുണ്ട്.
ഹാർബറുകളൽനിന്നും ഫിഷ്ലാൻഡിങ് സെന്ററുകളിൽനിന്നും ശേഖരിക്കുന്ന മത്സ്യം നിലവിൽ തലസ്ഥാനജില്ലയിൽ രാവിലെയും വിതരണം ചെയ്യുന്നുണ്ട്. ഇത് മറ്റ് ജില്ലകളിലും വൈകാതെ നിലവിൽവരും. ഇതോടൊപ്പം വിഴിഞ്ഞത്ത് ആരംഭിച്ച ‘സീഫുഡ്’ റസ്റ്റാറൻറ് വിജയമായ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ആരംഭിക്കാനുള്ള ശ്രമങ്ങളും ഉൗർജിതമാക്കിയിട്ടുണ്ടെന്ന് മത്സ്യഫെഡ് എം.ഡി ഡോ.പി. സഹദേവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആദ്യം കോട്ടയത്തും തുടർന്ന് തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും റസ്റ്റാറന്റുകൾ തുറക്കും. സ്ഥലം ലഭ്യമാകുന്നമുറക്ക് കൂടുതൽ ഇടങ്ങളിൽ മിതമായ നിരക്കിൽ ശുദ്ധമത്സ്യത്തിന്റെ രുചി വൈവിധ്യം ഒരുക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.