ട്രെയിനിൽ മർദ്ദനമേറ്റയാൾ പൊലീസ് പിടിയിൽ
text_fieldsകോഴിക്കോട്: ട്രെയിനിൽ എ.എസ്.ഐയുടെ മർദ്ദനമേറ്റയാൾ പൊലീസ് പിടിയിൽ. പൊന്നൻ ഷമീർ എന്നയാളെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. നഗരത്തിലെ ലിങ്ക് റോഡിൽ നിന്ന് ഇയാൾ പിടിയിലാവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കോഴിക്കോട് റെയിൽവേ പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്.
മാവേലി എക്സ്പ്രസ്സിൽ പൊലീസിന്‍റെ അതിക്രമത്തിന് ഇരയായ വ്യക്തിയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറാണ് ഇതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്.
ഷമീറിനെ റെയിൽവേ പൊലീസ് എ.എസ്.ഐ എം.സി. പ്രമോദ് ട്രെയിനിൽ വെച്ച് നെഞ്ചിൽ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് എ.എസ്.ഐയെ സസ്പെന്റ് ചെയ്തിരുന്നു. ബൂട്ടിട്ട് ചവിട്ടിയ സംഭവം വലിയ വിവാദമാകുകയും മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചവിട്ടേറ്റയാൾ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചത്.
2011, 2016 കാലയളവിൽ മാല മോഷണം, ക്ഷേത്ര ഭണ്ഡാരം കവർച്ച എന്നിവയടക്കം ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകൾ നിലവിലുള്ളതായും പൊലീസ് അറിയിച്ചു. സ്ഥിരം മദ്യപാനിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. മദ്യപിച്ച് സ്ത്രീകളെ ശല്ല്യം ചെയ്തതിനാണ് ഇയാളെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടതെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.