മാവേലിക്കര താലൂക്ക് സഹ.ബാങ്ക് തട്ടിപ്പ്: പ്രവര്‍ത്തനമില്ലാത്ത ബാങ്കില്‍ ജീവനക്കാര്‍ക്ക് കോടികളുടെ ആനുകൂല്യങ്ങൾ
text_fieldsമാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിനുശേഷം ആറുവര്‍ഷം പിന്നിടുമ്പോള്‍ ഒരു രൂപയുടെ ബിസിനസ് നടക്കാത്ത ബാങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് 2021-22 വര്‍ഷത്തില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നല്‍കിയത് മൂന്നരക്കോടി. നിക്ഷേപകര്‍ക്ക് മരുന്നുപോലും വാങ്ങാന്‍ പണം കൊടുക്കാത്ത ബാങ്കാണ് കോടികള്‍ ജീവനക്കാർക്ക് നല്‍കുന്നത്.
ശമ്പളമായി - 1,85,01,204, ബോണസ്-2,87,000, വെല്‍ഫയര്‍ ഫണ്ട്-61,490, പെന്‍ഷന്‍ ഫണ്ട് - 21,97,639, ശമ്പളകുടിശ്ശിക - 15,13,105, ഡി.എ കുടിശ്ശിക -1,16,40,073, ലീവ് സാലറി- 3,86,697, മെഡിക്കല്‍ അലവന്‍സ് - 1,17,000, കണ്ണാടി അലവന്‍സ് 15,000 എന്നീ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ബാങ്കില്‍നിന്ന് ജീവനക്കാര്‍ക്കായി നല്‍കിയിട്ടുള്ളത്.
സഹകരണ വകുപ്പ് ആലപ്പുഴ ജെ.ആറിെൻറ നിദേശങ്ങളെപ്പോലും അവഗണിച്ചികൊണ്ടാണ് ഭരണസമിതി ജീവനക്കാര്‍ക്കായി ഈ തുകകള്‍ വിതരണം ചെയ്തത്. സംഭവത്തില്‍ നിക്ഷേപകര്‍ ജോയന്‍റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ഇപ്പോൾ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍, ആനുകൂല്യം വെട്ടിക്കുറക്കണമെന്ന സഹകരണ വകുപ്പ് നിർദേശത്തിനെതിരെ ജീവനക്കാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇതിനിടെ നിക്ഷേപകര്‍ സഹകരണ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ടെങ്കിലും നിലവിലെ ഭരണസമിതി തുടരുന്ന സാഹചര്യത്തില്‍ ഗ്യാരന്‍റി നല്‍കാന്‍ സാധിക്കില്ലെന്നാണ് പറഞ്ഞത്. 2020ല്‍ ലോണ്‍ തിരികെ കിട്ടാനുള്ളത് 45 കോടിയോളം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അത് 25 കോടിയോളം മാത്രമാണ് ഉള്ളത്. ബാങ്ക് തകര്‍ന്നതിന് ശേഷവും സൂപ്പര്‍ ഗ്രേഡില്‍നിന്ന് ബാങ്ക് സാങ്കേതികമായി മാറാത്തതുകൊണ്ടുതന്നെ അന്നത്തെ ശമ്പള സ്‌കെയിലിലായിരുന്നു ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ടിരുന്നത്.
സൂപ്പര്‍ ഗ്രേഡില്‍നിന്ന് ക്ലാസ് അഞ്ചിലേക്ക് ബാങ്കിനെ മാറ്റണമെന്ന് ജോയൻറ് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രാപ്തിയില്ലാത്ത ഭരണസമിതിയെ ഒഴിവാക്കി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൊണ്ടുവന്ന് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന നിക്ഷേപകരെയും ജീവനക്കാരെയും രക്ഷിക്കണമെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ബി. ജയകുമാര്‍, എം. വിനയന്‍, വി.ജി. രവീന്ദ്രന്‍, ടി.കെ. പ്രഭാകരന്‍ നായര്‍, രമ രാജന്‍, ശോഭ ഹരികുമാര്‍, പ്രഭ ബാബു എന്നിവര്‍ സർക്കാറിനോട് ആവശ്യപ്പെട്ടു.
ബാങ്കിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമായി താലൂക്ക് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ ബ്രാഞ്ചുകളിലെയും നിക്ഷേപകരുടെ യോഗം 23ന് വൈകീട്ട് മൂന്നിന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.