സർക്കാർ ഉത്തരവിന് സ്റ്റേ; മാവൂരിലെ ഗ്രാസിം ഭൂമി ഏറ്റെടുക്കൽ നടപടി വീണ്ടും അനിശ്ചിതത്വത്തിൽ
text_fields
മാവൂർ: ഗ്രാസിം ഫാക്ടറിക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാറിെൻറ ഉത്തരവ് മാനേജ്െൻറ് നൽകിയ ഹരജിയിൽ ഹൈകോടതി സ്റ്റേ ചെയ്തു. അതേസമയം, സ്റ്റേ നീക്കുന്നതിന് എതിർ ഹരജി ഫയൽ ചെയ്യാൻ സർക്കാർ നടപടി തുടങ്ങി.
ബിർളക്ക് രണ്ട് ഘട്ടങ്ങളിലായി പതിച്ചുകൊടുത്ത 238.41 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി കലക്ടറായിരുന്ന (ഭൂപരിഷ്കരണം) പി.പി. കൃഷ്ണൻകുട്ടി സെപ്റ്റംബർ ആദ്യവാരത്തിൽ ജില്ല കലക്ടർ യു.വി. േജാസിന് റിപ്പോർട്ട് കൈമാറിയിരുന്നു. സർക്കാറിന് കലക്ടർ റിപ്പോർട്ട് കൈമാറിയതോടെ ഒക്ടോബറിൽ വ്യവസായ സെക്രട്ടറി ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച് ഉത്തരവിറക്കി.
ഇതിനെതിരെ ബിർള മാനേജ്മെൻറ് ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിയിലാണ് സ്റ്റേ. വ്യവസായ ആവശ്യത്തിന് ഏറ്റെടുത്തുനൽകിയ ഭൂമി പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കാത്ത സാഹചര്യം വന്നാൽ തിരിച്ച് സർക്കാറിന് നൽകണമെന്ന വ്യവസ്ഥയനുസരിച്ചായിരുന്നു ഭൂമി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങിയത്. അക്വയർ ചെയ്തു നൽകിയ 238.41 ഏക്കർ ഭൂമിക്കുപുറമെ ബിർള വിലകൊടുത്തു വാങ്ങിയ 82 ഏക്കറും തിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് റവന്യൂ വകുപ്പ് നിലപാട്.
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഖിലേന്ത്യാ തലത്തിലുള്ള കമ്പനിയുടെ ഭാഗമാണ് മാവൂരിലേതെന്നും ഇവിടെയുള്ള പൾപ്പ്, ഫൈബർ നിർമാണ കമ്പനി നിർത്തുക മാത്രമാണ് നിലവിൽ ചെയ്തിട്ടുള്ളതെന്നുമാണ് ഇരുപത്തഞ്ചോളം ഖണ്ഡികയിലായി മാനേജ്മെൻറ് നൽകിയ വിശദീകരണം. നിർത്താനുള്ള സാഹചര്യവും റിട്ട് ഹരജിയിൽ വിശദീകരിച്ചിട്ടുണ്ട്. സ്റ്റേ ഉത്തരവിനെതിരെ റവന്യൂ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി എതിർ ഹരജി ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്. നേരത്തേ ഭൂമി ഏറ്റെടുക്കുന്നതിന് -2006 മാർച്ച് 21ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും ബിർള മാനേജ്മെൻറ് ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങുകയായിരുന്നു.
പിന്നീട് 2015 നവംബർ 26ന് ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു. പുതിയ വ്യവസായ സംരംഭം തുടങ്ങുന്നത് സംബന്ധിച്ച് മാനേജ്മെൻറുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.