നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് സമ്പാദ്യം കത്തിച്ച മാക്‌സി മാമ എന്ന യഹിയ നിര്യാതനായി
text_fieldsകടയ്ക്കൽ: പ്രതിഷേധത്തിന്‍റെ വേറിട്ട വഴികളിലൂടെ ശ്രദ്ധേയനായ കൊല്ലം കടയ്ക്കൽ കുമ്മിൾ മുക്കുന്നം ആർ.എം.എസ് തട്ടുകട ഉടമ പുതുക്കോട് റുക്സാന മൻസിലിൽ യഹിയ (80) നിര്യാതനായി. നോട്ട് നിരോധനത്തെ തുടർന്ന് ജീവിതം വഴിമുട്ടിയതിൽ പ്രതിഷേധിച്ച് തന്‍റെ സമ്പാദ്യമായുണ്ടായിരുന്ന നോട്ടുകൾ ചായക്കടയിലെ അടുപ്പിലിട്ട് കത്തിച്ച് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് നാട്ടുകാർ സ്നേഹത്തോടെ 'മാക്‌സി മാമ' എന്ന് വിളിക്കുന്ന യഹിയ. 23,000 രൂപയുടെ നോട്ടുകൾ കത്തിക്കുക മാത്രമല്ല, പകുതി മീശയും മുടിയുടെ പകുതിയും വടിച്ചുകളഞ്ഞും യഹിയ പ്രതിഷേധിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാറിന്‍റെ പതനം കണ്ടിേട്ട പാതി മീശയും പാതി മുടിയും വളർത്തുകയുള്ളൂ എന്ന് ശപഥം ചെയ്തിരുന്ന യഹിയയുടെ പ്രതിഷേധങ്ങൾക്ക് അന്തർദേശീയ തലത്തിൽ തന്നെ വാർത്താപ്രാധാന്യം ലഭിച്ചിരുന്നു.
വസ്ത്രധാരണത്തിലെ പ്രത്യേകത കൊണ്ടുതന്നെ യഹിയ ആദ്യമായി കാണുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്ത്രീകള്‍ ധരിക്കുന്നതരം മാക്‌സിയായിരുന്നു സ്ഥിരം വേഷം. ആ വേഷത്തിലേക്കെത്തിയതിന് പിന്നിലും ഒരു 'സമര'കഥയുണ്ട്. ഗള്‍ഫില്‍ ഏറെക്കാലം 'ആടുജീവിതം' നയിച്ച ശേഷമാണ് നാട്ടിൽ തിരിച്ചെത്തി ഉള്ള സമ്പാദ്യം കൊണ്ട് യഹിയ ചായക്കട തുടങ്ങിയത്. അങ്ങനെ കട നടത്തിക്കൊണ്ടിരിക്കേ പൊലീസുകാരുമായി ഒരു തർക്കമുണ്ടായി. സ്ഥലം എസ്.ഐയുടെ മുന്നില്‍ മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിച്ചില്ലെന്ന കാരണത്താലായിരുന്നു തർക്കം. തർക്കത്തിനിടെ പൊലീസുകാരിലൊരാൾ കരണത്ത് അടിച്ചു. അതിലുള്ള പ്രതിഷേധത്താല്‍ മടക്കിക്കുത്ത് അഴിക്കേണ്ടാത്ത ഒരു വസ്ത്രം എന്ന നിലയില്‍ മാക്‌സി സ്ഥിരം വേഷം ആക്കുകയായിരുന്നു.
മാസങ്ങളായി രോഗശയ്യയിലായിരുന്നു യഹിയ. യഹിയയുടെ ജീവിതം ആസ്പദമാക്കി അധ്യാപകനും മാധ്യമപ്രവർത്തകനുമായ സനു കുമ്മിൾ സംവിധാനം ചെയ്ത 'ഒരു ചായക്കടക്കാരന്‍റെ മൻകി ബാത്' എന്ന ഡോക്യുമെന്‍ററി കേരള അന്താരാഷ്ട്ര േഡാക്യുമെന്‍ററി-ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പരേതയായ സുഹ്റാ ബീവിയാണ് യഹിയയുടെ ഭാര്യ. മക്കൾ: സബീന, സീന. മരുമക്കൾ: സലീം, സദീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.