ആരാധനാലയങ്ങളിൽ പരമാവധി 20 പേർ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ആരാധനാസ്ഥലങ്ങളിൽ പരമാവധി 20 പേർക്കാണ് പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ ആരാധനാലയങ്ങളിൽ എണ്ണം അതിനനുസരിച്ച് കുറയ്ക്കണം. പ്രാർഥനക്ക് എത്തുന്നവർ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്ത വിവിധതരം കുറ്റകൃത്യങ്ങളുടെ പിഴത്തുക വർധിപ്പിക്കാൻ ഡി.ജി.പി സമർപ്പിച്ച നിർദേശം വിശദമായി പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ രണ്ടിനുമുമ്പ് തീയതി തീരുമാനിച്ച പരീക്ഷകൾ നടത്തുന്നതിന് വിലക്കില്ല. കുട്ടികളോടൊപ്പം എത്തുന്നവരെ പരീക്ഷ കേന്ദ്രത്തിന് സമീപത്ത് കൂടി നിൽക്കാൻ അനുവദിക്കില്ല.
പൊതുയോഗങ്ങളിൽ 20 കൂടുതൽ പേർ പാടില്ല. വേദിയിലും സദസ്സിലും 20 പേരും പുറത്ത് മറ്റുള്ളവരും കൂടി നിൽക്കുന്നത് അംഗീകരിക്കാനാവില്ല. ബാങ്കുകളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തണം. കൈയുറയോ മറ്റ് സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങൾ എടുത്തുനോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി അപകടസാധ്യത വർധിപ്പിക്കും. വിസ്തീർണമുള്ള കടകൾക്കുള്ളിൽ ഒരേ സമയം അഞ്ചിലധികം പേരെ പ്രവേശിപ്പിക്കാം. റോഡുകളിലും ബീച്ചുകളിലും പാർക്കുകളിലും മറ്റ് തുറന്ന സ്ഥലങ്ങളിലും അഞ്ചുപേരിലധികം കൂടുന്നത് പൂർണമായും തടയും.
വാഹനങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒരുമിച്ച് യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്ക് ജനം പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
അൺലോക്ക് വ്യവസ്ഥകൾ സംസ്ഥാനത്തിന് ഒഴിവാക്കാനാകില്ല. ചില മേഖലകൾ തുറന്ന് പ്രവർത്തിക്കേണ്ടതുണ്ട്. സ്കൂളുകൾ തുറക്കാൻ സമയമായോ എന്നത് സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.