മലയാള സർവകലാശാല വി.സി നിയമനത്തിന് നിയമ പ്രതിസന്ധി
text_fieldsതിരൂർ: തുഞ്ചത്തെഴുത്തഛൻ മലയാള സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് നിയമ പ്രതിസന്ധി. പ്രവർത്തനം തുടങ്ങി അഞ്ച് വർഷമായിട്ടും സർവകലാശാലക്ക് നിയമ ചട്ടക്കൂട് (സ്റ്റാറ്റ്യൂട്ട്) ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്റ്റാറ്റ്യൂട്ടില്ലാത്തതിനാൽ സർവകലാശാലയിൽ ഇതുവരേയും സ്ഥിരം ജീവനക്കാരോ തസ്തികകളോ ഇല്ലാത്ത അവസ്ഥയാണ്. കോഴ്സുകൾ നടത്താൻ യു.ജി.സി പ്രാഥമികമായി നൽകുന്ന രണ്ട് (എഫ്) അംഗീകാരം മാത്രമാണ് സർവകലാശാലക്കുള്ളത്. ഗ്രാൻഡ് ഉൾെപ്പടെയുള്ള ധനസഹായം ലഭിക്കുന്നതിന് യു.ജി.സിയുടെ 12 ബി അംഗീകാരം ആവശ്യമാണ്. ഇത് ലഭിക്കാനും സ്റ്റാറ്റ്യൂട്ട് ആവശ്യമാണ്. ഇവയെല്ലാം പൂർത്തിയായ ശേഷമേ പുതിയ വി.സിയുണ്ടാവൂ.
2012 നവംബർ ഒന്നിനാണ് സർവകലാശാല സ്ഥാപിച്ചത്. 2013ൽ താൽക്കാലിക സ്റ്റാറ്റ്യൂട്ട് സർവകലാശാല തയാറാക്കിയെങ്കിലും സർക്കാരോ യു.ജി.സി.യോ അംഗീകരിച്ചില്ല. പ്രോ വൈസ് ചാൻസലർ പദവിയുൾെപ്പടെ ഈ സ്റ്റാറ്റ്യൂട്ടിലില്ലായിരുന്നു. 27 സ്ഥിരം അധ്യാപകരിൽ 13 പേരുടെ നിയമനത്തിനെതിരെ മൂന്ന് കേസുകൾ ഹൈകോടതിയിലുണ്ട്. പ്രഥമ വൈസ് ചാൻസലറായിരുന്ന കെ. ജയകുമാറിെൻറ പടിയിറക്കത്തോടെയാണ് സർവകലാശാല കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് വ്യക്തമാകുന്നത്. ഇത്രയും കാലം വൈസ് ചാൻസലർ മാത്രമാണ് സ്ഥിരമായുണ്ടായത്. പി.വി.സി ഇല്ലാത്തതിനാൽ ജയകുമാർ അവധിയെടുക്കുന്ന വേളകളിൽ സർക്കാർ സെക്രട്ടറിമാർക്ക് ചുമതല നൽകുകയായിരുന്നു പതിവ്. രജിസ്ട്രാർ, പരീക്ഷ കൺട്രോളർ പദവികളിൽ താൽക്കാലിക അധ്യാപകരാണ്. രണ്ട് അധ്യാപകർ മാത്രം ഇരുപതോളം പദവികൾ വഹിക്കുന്നുണ്ട്. ജയകുമാറിെൻറ കാലത്ത് ഫിനാൻസ് ഓഫിസറും അദ്ദേഹം തന്നെയായിരുന്നു.
ക്ലർക്ക് മുതൽ അക്കൗണ്ട്സ് ഓഫിസർ വരെയുള്ളവർ താൽക്കാലികക്കാരാണ്. മിക്ക ഉയർന്ന തസ്തികകളിലും വിരമിച്ചവരെയാണ് നിയമിച്ചിട്ടുള്ളത്. എക്സിക്യൂട്ടീവ് കൗൺസിൽ , ജനറൽ കൗൺസിൽ എന്നിവ ഭരണനിർവഹണ സഭകളാണെങ്കിലും മിക്ക തീരുമാനങ്ങളും വി.സി നേരിട്ടാണെടുത്തിരുന്നത്. ആക്റ്റ് പ്രകാരം എക്സിക്യൂട്ടീവ് കൗൺസിലിൽ 14 അംഗങ്ങൾ വേണം. എന്നാൽ നിലവിൽ നാല് അംഗങ്ങൾ മാത്രമായതിനാൽ യോഗം ചേരാൻ പോലുമാകില്ല.
സ്റ്റാറ്റ്യൂട്ട് നിർമാണം ആദ്യ ദൗത്യം –ഉഷ ടൈറ്റസ്
തിരൂർ: മലയാള സർവകലാശാലക്ക് സ്റ്റാറ്റ്യൂട്ട് തയാറാക്കലാണ് തെൻറ ആദ്യ ദൗത്യമെന്ന് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ഉഷ ടൈറ്റസ്. ഇത് വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കും. സ്റ്റാറ്റ്യൂട്ട് സർക്കാർ അംഗീകരിക്കുന്നതോടെ സ്ഥിരം ജീവനക്കാരെ നിയമിക്കാനും മറ്റും നടപടികളുണ്ടാകും. അതോടൊപ്പം സ്ഥിരം വൈസ് ചാൻസലറുമാകും. സ്ഥിരം കാമ്പസിന് സ്ഥലമേറ്റെടുക്കലുൾെപ്പടെ പൂർത്തിയാക്കുന്നതിനാണ് രണ്ടാമത് മുൻതൂക്കം നൽകുക.
സർവകലാശാലകൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് കിഫ്ബി മുഖേന സഹായം നൽകുമെന്ന് ധന മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സർവകലാശാലക്ക് സ്ഥിരം കാമ്പസ് ഒരുക്കുന്നതിന് ഫണ്ട് തടസ്സമാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഉഷ ടൈറ്റസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.