അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം
text_fieldsതിരുവനന്തപുരം: മയിലമ്മ ഫൗണ്ടേഷന്‍ കേരള ഏര്‍പ്പെടുത്തിയ ഈ വർഷത്തെ മയിലമ്മ പുരസ്‌കാരത്തിന് അഭിഭാഷകയും കേരള ഹൈകോടതി പ്ലീഡറുമായ അഡ്വ. രശ്‌മിത രാമചന്ദ്രനെ തെരഞ്ഞെടുത്തു. പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ പേരിലുള്ള പുരസ്കാരം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി ജി.ആര്‍ അനില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമദാസ് കതിരൂരും സെക്രട്ടറി അര്‍. അജയനും അറിയിച്ചു.
വിളയോടി വേണുഗോപാല്‍, ആറുമുഖന്‍ പത്തിച്ചിറ, ഗോമതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകളും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനകീയസമരങ്ങള്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കിയാണ് രശ്മിതയ്ക്ക് പുരസ്‌കാരം നല്‍കുന്നത്.
മണിപ്പൂരിലെ അഫ്സ്പ വിരുദ്ധ സമര നായിക ഇറോം ശർമിള ആയിരുന്നു പ്രഥമ മയിലമ്മ പുരസ്കാര ജേതാവ്.
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ കുറിച്ച് 'മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന' രശ്മിതയുടെ കുറിപ്പ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ പേരിൽ ബി.ജെ.പി, യുവമോർച്ച സംഘടനകൾ രശ്മിതക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.