സംഘ്പരിവാർ ചടങ്ങിൽ മേയർ: തെറ്റ് ഏറ്റുപറഞ്ഞ് ബീന ഫിലിപ്പ്
text_fieldsകോഴിക്കോട്: ആർ.എസ്.എസിന്‍റെ പോഷക സംഘടനയായ ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിൽനിന്ന് സി.പി.എം വിശദീകരണം തേടി. ജില്ല സെക്രട്ടറി പി. മോഹനൻ മേയറെ ജില്ല ഓഫിസിലേക്ക് വിളിപ്പിച്ചാണ് നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടത്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും പാർട്ടി കൈക്കൊള്ളുന്ന എന്തുനടപടിയും അംഗീകരിക്കുമെന്നും മേയർ വ്യക്തമാക്കി. മേയർ എന്ന നിലക്ക് നഗരത്തിലെ ഒട്ടുമിക്ക പരിപാടികളിലേക്കും ക്ഷണിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പൊതുപരിപാടിയെന്ന ധാരണയിലാണ് ബാലഗോകുലത്തിന്‍റെ ചടങ്ങിൽ സംബന്ധിച്ചത്. കേരളത്തെ ഇകഴ്ത്തിപ്പറയുകയോ ഇവിടത്തെ ശിശുപരിപാലന മാതൃകയെ വിലകുറച്ചുകാണുകയോ ചെയ്തിട്ടില്ലെന്നും മേയർ വിശദീകരണത്തിൽ അറിയിച്ചു.
ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന 'സ്വത്വ 2022' മാതൃസമ്മേളനത്തിലാണ് മേയർ പങ്കെടുത്തത്. ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഫോട്ടോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. പ്രതിപക്ഷ സംഘടനകളടക്കം രംഗത്തുവരുന്നതിനുമുമ്പേ പാർട്ടി അംഗങ്ങളും പ്രവർത്തകരും മേയർക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നതോടെ സി.പി.എം ജില്ല കമ്മിറ്റി മേയറുടെ നടപടിയെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ മേയർ സ്ഥാനത്തുനിന്ന് ബീന ഫിലിപ്പിനെ മാറ്റണമെന്നും പാർട്ടി നടപടി വേണമെന്നുമുള്ള ആവശ്യവും സമൂഹ മാധ്യമങ്ങളിലുയർന്നു.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ പാർട്ടിയുടെ ഏരിയ സെക്രട്ടറിമാർ വരെയുള്ളവർ മേയറുടെ നടപടിക്കെതിരെ രംഗത്തുവരുകയും ചെയ്തു. അതിനിടെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്, മേയറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് ജില്ല കമ്മിറ്റിയിൽനിന്ന് വിശദാംശങ്ങൾ തേടുകയും വേണ്ട നടപടി കൈക്കൊള്ളാനും നിർദേശിച്ചു. ഇതിനുപിന്നാലെയാണ് മേയറെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ജില്ല സെക്രട്ടറി നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടത്.
അതിനിടെ അവെയിലബിൾ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് വിഷയം ചർച്ചചെയ്തു. മേയറെ താക്കീതു ചെയ്യണമെന്നും ബ്രാഞ്ച് കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്നുമുള്ള ആവശ്യമാണ് ഇതിലുയർന്നത്. ഉന്നത ഉത്തരവാദിത്തം വഹിക്കുന്ന ഒരു പാർട്ടി അംഗത്തിൽനിന്നുണ്ടായ തെറ്റിൽ നടപടി സ്വീകരിച്ച് കീഴ്ഘടകങ്ങളിലേക്ക് ഇതൊരു സന്ദേശമായി പോകണമെന്ന ആലോചനയും പാർട്ടിയിലുണ്ട്. ആ നിലക്ക് ചേവായൂർ ലോക്കലിനുകീഴിലെ ഇവർ പ്രവർത്തിക്കുന്ന പാറോപ്പടി ബ്രാഞ്ച് കമ്മിറ്റിയിൽനിന്ന് മേയറെ താൽക്കാലികമായി സസ്പെൻഡ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
മേയറെ മാറ്റുന്നതടക്കമുള്ള കടുത്ത നടപടിയുണ്ടായാൽ ഇത് ബി.ജെ.പിയടക്കം ചർച്ചയാക്കി പാർട്ടിയെ ക്രൂശിക്കുമെന്നും സി.പി.എം കരുതുന്നു. മേയർ ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തു എന്നതിനപ്പുറം ആ തെറ്റിനെ മാധ്യമങ്ങൾക്കുമുന്നിൽ ന്യായീകരിക്കുകയും ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കുന്നത് പാർട്ടി വിലക്കിയിട്ടില്ലെന്ന് പറയുകകൂടി ചെയ്തതാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.